അടൂർ : ജനറൽ ആശുപത്രിയിൽ ആൾട്രാ സൗണ്ട് സ്കാനിംഗ് യന്ത്രം ഉണ്ടെങ്കിലും റേഡിയോളജിസ്റ്റ് ഇല്ലാത്തത് രോഗികളെ വലക്കുന്നു. തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മണിമുതൽ പുറത്ത് നിന്നും കരാർ അടിസ്ഥാനത്തിൽ ഡോക്ടർ കുറച്ച് സമയം സ്കാനിംഗ് നടത്തുന്നതൊഴിച്ചിൽ മറ്റ് സമയങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്. 24മണിക്കൂറും കാഷ്വാലിറ്റിയുള്ള ആശുപത്രിയിൽ സ്കാനിംഗ് യന്ത്രം കാഴ്ചവസ്തുവായി മാറിയിരിക്കുകയാണ്. സാധാരണക്കാരാണ് കൂടുതലായി ഇവിടെ ചികിത്സ തേടുന്നത്. എം.സി.റോഡ്, കെ.പി.റോഡ്, പത്തനംതിട്ട - ചവററോഡ് എന്നിവ കടന്ന് പോകുന്ന ഇവിടെ വാഹന അപകടങ്ങളും കൂടുതലാണ്. ഇത് രോഗിക്കും കൂട്ടിരിപ്പുകാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ഗുരുതരാവസ്ഥയിൽ എത്തുന്നവരെ വേഗം സ്കാനിംഗ് നടത്താനും ഇത് തടസമാകുന്നുണ്ട്.