റാന്നി : ചേന്നംപാറ -അറയ്ക്കമൺ -ചേന്നംപാറ റോഡ് ചെളിക്കുണ്ടായി. യാത്രാദുരിതം മൂലം വലയുകയാണ് ജനം. നാറാണംമൂഴി, പെരുനാട് പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന മേഖലയിലെ റോഡിന്റെ നാറാണംമൂഴി പഞ്ചായത്തിന്റെ ഭാഗം കാലങ്ങളായി തകർന്നുകിടക്കുകയാണ്. റോഡിന്റെ ഒരു വശത്തുകൂടി ഒഴുകുന്ന അരുവിക്കുഴി തോടിന്റെ വശം ഇടിഞ്ഞിരുന്നു. ഇത് പുതുക്കിപ്പണിയുന്നതിനിടെയാണ് ചെളിക്കുണ്ടായത്. . കാലങ്ങൾക്ക് മുമ്പ് കെട്ടിയ ഡി.ആർ ഉൾപ്പെടെയുള്ളവ ഇടിഞ്ഞു തോട്ടിലേക്ക് വീണു പോയിരുന്നത് ജനങ്ങൾക്ക് ഭീഷണിയായിരുന്നു. അപകടാവസ്ഥയെക്കുറിച്ച് കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. തുടർന്ന് തോടിന്റെ വശം കെട്ടുന്ന ജോലി നാല് ദിവസത്തിനുള്ളിൽ തീർക്കുമെന്ന് പറഞ്ഞെങ്കിലും ഫലമില്ല. വശങ്ങളിൽ മണ്ണ് കൂനയായി കിടക്കുന്നതിനാൽ സ്കൂൾ ബസുകൾ ഉൾപ്പടെ കടന്നു വരാത്ത അവസ്ഥയാണ്. അത്തിക്കയം ഭാഗത്തേക്കു പോകേണ്ടവർക്ക് റോഡിലൂടെ നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഇരുചക്ര വാഹന യാത്രക്കാരും ബുദ്ധിമുട്ട് നേരിടുന്നു. ചെളിക്കുണ്ടായതിനാൽ ടാക്സി വാഹനങ്ങൾ ഉൾപ്പടെ ഈ വഴി കടന്നു വരാൻ മടിക്കുന്നു. അമിത കൂലി കൊടുത്ത് പെരുനാട് ഭാഗത്തുകൂടിയുള്ള വഴിയിലാണ് ആളുകൾ സഞ്ചരിക്കുന്നത്. തോടിന്റെ വശത്തെ കൽക്കെട്ട് പൂർത്തിയാക്കിയെങ്കിലും മണ്ണ് നിറച്ച് ഉറപ്പിക്കുന്ന ജോലികൾ ബാക്കിയാണ്.ഇതു പൂർത്തിയായതിനു ശേഷം മാത്രമേ വലിയ വാഹനങ്ങൾ ഉൾപ്പടെ ഇതുവഴി കടന്നു വരു.
തകർന്ന റോഡ് നന്നാക്കാനായി ജില്ലാ പഞ്ചായത്തിൽ നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും. തോടിന്റെ വശത്തെ പണികൾ പൂർത്തിയാക്കുകയും മഴ കുറയുകയും ചെയ്യാതെ പണി ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരനടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.