കേരള റൈസ് ലിമിറ്റഡ് കമ്പനിയുടെ കുട്ടനാട് റൈസ് പാർക്ക് ചെങ്ങന്നൂരിൽ

ചെങ്ങന്നൂർ: അരിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കുന്നതിനായി ചെങ്ങന്നൂരിൽ റൈസ് പാർക്ക് ആരംഭിക്കുന്നു. നിർമ്മാണ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി പി. രാജീവ് നിർവഹിക്കും. മുൻ മന്ത്രി സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ വീണാജോർജ്, പി പ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എം.പി. എന്നിവർ പങ്കെടുക്കും. മുളക്കുഴ പഞ്ചായത്തിലെ കോട്ടയിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 13.67 ഏക്കർ ഭൂമിയിൽ 5.18 ഏക്കറിലാണ് കേരള റൈസ് ലിമിറ്റഡ് കമ്പനി കുട്ടനാട് റൈസ് പാർക്ക് സ്ഥാപിക്കുന്നത്. നെല്ല് സംഭരിക്കുന്നതിനും കുത്തി അരിയാക്കി മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്ത് കർഷകർക്ക് വരുമാന വർദ്ധനവുണ്ടാക്കുക, യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കു ഫണ്ട് കണ്ടെത്തിയത്. കിറ്റ്‌കോ ലിമിറ്റഡ് തയ്യാറാക്കിയ 36 കോടി രൂപയുടെ പദ്ധതി നോഡൽ ഏജൻസിയായ കിൻഫ്ര, കരാറുകാരായ ക്രസന്റ് കൺസ്ട്രക്ഷൻ കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കുട്ടനാട്, അപ്പർ കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിലെ നെല്ലാണ് പാർക്കിൽ സംസ്‌കരിക്കുക. കുട്ടനാടൻ ബ്രാൻഡ് ആഗോള വിപണിയിലെത്തുകയാണ് ലക്ഷ്യം. കർഷരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന നെല്ല് അരിയാക്കിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കിയും വിപണിയിലെത്തിക്കും. പെട്ടെന്ന് പാചകംചെയ്യാൻ കഴിയുന്ന അരിയും ഇതര ഉൽപ്പന്നങ്ങളും വിപണിയിലിറക്കും. ഇതിനായി സെൻട്രൽ ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി എന്നിവയുടെ സഹായം ലഭിക്കും. കുട്ടനാട്ടിൽ നിലവിൽ ഉൽപ്പാദിപ്പിക്കുന്ന അരി സ്വകാര്യ മില്ലുകളിലൂടെയാണ് വിപണിയിലെത്തിക്കുന്നത്. കുട്ടനാടൻ എന്ന പേരിൽ മറ്റ് സ്ഥലങ്ങളിലെ അരിയും മാർക്കറ്റിൽ എത്തുന്നുണ്ട്. സർക്കാർ റൈസ് പാർക്ക് വരുന്നതോടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകും. കുട്ടനാട്ടിലെ അരി സർക്കാർ നേരിട്ട് വിപണിയിലെത്തിക്കും. നേരിട്ട് സംഭരിക്കുന്നതിനാൽ ഇടനിലക്കാരുടെ ചുഷണമില്ലാതെ മികച്ച വിലയും കർഷകർക്ക് ലഭിക്കും. സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവരാണ് ഉൽപ്പന്നങ്ങൾ അഭ്യന്തര വിപണിയിലിറക്കുക.

വിദേശ വിപണിയും ലക്ഷ്യം

വിദേശവിപണികൂടി ലക്ഷ്യം കണ്ട് അത്യാധുനിക യന്ത്രം സാമഗ്രികളാണ് സ്ഥാപിക്കുക. മണിക്കൂറിൽ അഞ്ചുടൺ പ്രോസസ് ചെയ്യാവുന്ന അത്യാധുനിക ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തുന്ന 5000 ടൺ സൈലോകളിൽ നെല്ല് കേടുകൂടാതെ സംഭരിക്കാനാകും. എലികളുടെയും പ്രാണികളുടെയും ശല്യം ചെറുക്കാൻ കഴിയുന്ന സൈലൊ സംവിധാനത്തിലുള്ള സംഭരണ കേന്ദ്രമാകും ഇവിടെയുണ്ടാകുക. സംഭരണത്തിനായി ശാസ്ത്രീയമായ രീതികൾ ഉപയോഗിക്കുന്നതു കൊണ്ട് കൊയ്ത്തു കഴിഞ്ഞ നെല്ല് വേഗത്തിൽ സംഭരണ കേന്ദ്രത്തിൽ എത്തിച്ചാൽ നെല്ല് ഏറ്റെടുക്കുന്നതിലുള്ള കാലതാമസം മൂലമുള്ള നഷ്ടവും, നെല്ല് വെള്ളം കയറി നശിക്കുന്നതും ഒഴിവാക്കാനാകും.പാർക്ക് ആരംഭിക്കുന്നതോടെ നൂറു കണക്കിന് തൊഴിലവസരങ്ങളും ലഭിക്കും.

ഫാക്ടറി ഇങ്ങനെ


6582 ചതുരശ്ര അടി വിസ്തീർണ്ണം

3,426 ചതുരശ്ര അടി സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി രണ്ടാം ഘട്ടത്തിലാണ് നിർമ്മിക്കുന്നത്.

14 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും

@ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ കർഷകരുടെ നെല്ല് ഇവിടെ സംഭരിക്കും

@ മുളക്കുഴ കോട്ടയിലെ പ്രഭുറാം മിൽസിന്റെ നവീകരണത്തിനൊപ്പം തൊഴിലാളികളുടെ പുനരധിവാസവും ധാരണയായിട്ടുണ്ട്.

36 കോടിയുടെ പദ്ധതി