മല്ലപ്പള്ളി :പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.ഡി.എഫിലെ ശോശാമ്മ തോമസ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി . ഇന്നലെ ചേർന്ന അവിശ്വാസ വോട്ടെടുപ്പിൽ യു.ഡി.എഫിലെ വിനീത് കുമാറാണ് പ്രമേയം അവതരിപ്പിച്ചത് . മുൻ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി യു.ഡി.എഫിലെ ആറ് അംഗങ്ങൾക്കൊപ്പം ചേർന്നതോടെയാണ് പ്രമേയം പാസായത്. ജൂൺ 22 ന് എൽ.ഡി.എഫ് സ്വന്തം പ്രസിഡന്റിനെ പുറത്താക്കാൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തിനാൽ ചർച്ചക്കെടുത്തിരുന്നില്ല. അവിശ്വാസപ്രമേയം നൽകിയതോടെ പ്രസിഡന്റിനെതിരെയും പഞ്ചായത്തിന്റെ വാഹനത്തിന് നേരെയും ആക്രമമുണ്ടായി.എൽ.ഡി.എഫ് അംഗങ്ങളാണ് അക്രമത്തിനു പിന്നിലെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കുന്നതിന് പ്രസിഡന്റിനെ കൂടാതെ യു.ഡി.എഫ് അംഗങ്ങളായ ജൂലി.കെ .വർഗീസ്, വിനീത് കുമാർ ,ജോളിജോൺ , റിൻസി തോമസ്, കെ.വി.രശ്മിമോൾ ,കെ കെ നാരായണൻ എന്നിവർ ഹൈക്കോടതിയിൽ നിന്ന് പൊലീസ് സംരക്ഷണം നേടിയിരുന്നു. കനത്ത പൊലീസ് സംരക്ഷണയിലായിരുന്നു ഇന്നലെ അവിശ്വാസ വോട്ടെടുപ്പ് നടന്നത്. യു.ഡി.എഫ് 7 , എൽ.ഡി.എഫ് 6 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില