തിരുവല്ല: നടപ്പാലം തകർന്ന് വേങ്ങൽ തോട്ടിൽ മുങ്ങിത്താഴ്ന്നവക്ക് ജിജിമോൾ രക്ഷകയായി. വേങ്ങൽ ചെമ്പരത്തിമൂട്ടിൽ വിനീത് കോട്ടേജിൽ സിജിൻ സണ്ണി (28), ഭാര്യ മെർലിൻ വർഗീസ് (25), സിജിന്റെ മാതൃസഹോദരി പുത്രൻ വിനീത് വർഗീസ് (27) എന്നിവർക്കാണ് ജിജിമോളുടെ അവസരോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പെരിങ്ങര വേങ്ങൽ ചേന്നനാട്ടിൽ ഷാജിയുടെ ഭാര്യയാണ് ജിജിമോൾ ഏബ്രഹാം (45). പുഷ്പഗിരി ആശുപത്രിയിൽ കോഫീ സ്റ്റാൾ നടത്തുകയാണ്.
ദുബായിയിൽ ഐ.ടി കമ്പനിയിൽ ജോലിചെയ്യുന്ന സിജിനും ഭാര്യ മെർലിനും മുംബയിൽ സ്ഥിരതാമസമാക്കിയ വിനീത് വർഗീസും കാഴ്ചകാണാൻ വേങ്ങൽ പാടത്തേക്ക് പോയതാണ്. ഫോട്ടോകൾ പകർത്തിയശേഷം തിരികെവരുമ്പോഴാണ് സംഭവം. തെക്കേച്ചിറപ്പടിയിൽ നിർമ്മിച്ചിരുന്ന ഇരുമ്പ് നിർമ്മിത നടപ്പാലത്തിൽ ഇവർ കയറിയതോടെ തകർന്നു വീഴുകയായിരുന്നു. വേങ്ങൽ - വേളൂർ മുണ്ടകം റോഡിന്റെ വശംചേർന്നൊഴുകുന്ന 25 അടിയോളം വീതിയും പത്തടിയിലേറെ താഴ്ചയും ശക്തമായ നീരൊഴുക്കുമുള്ള തോടിന്റെ മദ്ധ്യഭാഗത്തേക്കാണ് മൂവരും വീണത്. നീന്തൽ വശമില്ലാത്ത ഇവർ പരസ്പരം രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നു. ഈസമയം ആശുപത്രിയിൽ ജോലിക്ക് പോകാനായി ജിജിമോൾ ഇതുവഴി സ്‌കൂട്ടറിലെത്തി. മൂന്നുപേർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് ബഹളംവെച്ച് ആളെക്കൂട്ടിയതിനൊപ്പം ജിജിമോൾ തോട്ടിലേക്ക് ചാടി . ഓരോരുത്തരെ വീതം തോടിന്റെ വശത്തെത്തിച്ചു. ബഹളംകേട്ട് ഓടിക്കൂടിയ പരിസരവാസികൾ ചേർന്ന് നാലുപേരെയും തോട്ടിൽ നിന്ന് കരയ്‌ക്കെത്തിക്കുകയായിരുന്നു. സ്വജീവൻ പണയപ്പെടുത്തി മൂന്ന് ജീവനുകൾ രക്ഷിച്ച ജിജിമോളെ നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാൽ ഷാൾ അണിയിച്ച് ആദരിച്ചു.