thengumkav-school-2
തെങ്ങുംകാവ് ഗവ.എൽ. പി. സ്കൂൾ

തെങ്ങുംകാവ്: 85 വർഷങ്ങൾക്ക് മുൻപ് തെങ്ങുംകാവിന്റ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച തെങ്ങുംകാവ് ജി.എൽ.പി എസിൽ സേവ് ജി.എൽ പി.എസ് തെങ്ങുംകാവിന് തുടക്കമാകുന്നു. പ്രാദേശിക വിദ്യാലയം എന്ന ആശയത്തിലൂന്നി വിദ്യാർത്ഥികൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലും പ്രമാടം പഞ്ചായത്തിന്റെ സഹകരണത്തിലും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. മൂന്ന് കിലോമീറ്റർ ചുറ്റളവിനുള്ളിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസം ഏറ്റവും അടുത്ത പ്രൈമറി സ്കൂളിൽ ആകണം എന്നതാണ് പ്രാദേശിക വിദ്യാലയം എന്ന ആശയം. പൊതു വിദ്യാഭ്യാസ വകുപ്പ് ഇതിന് ഏറെ പ്രാധാന്യം നൽകുന്നു. മാതൃഭാഷ അധ്യയനം പ്രത്യേക പരിശീലന പരിപാടികൾക്കൊപ്പം ഇംഗ്ലീഷ് ഭാഷ ആയാസരഹിതമാക്കാൻ ഇംഗ്ലീഷ് ഈസിവേ എന്ന പദ്ധതിയും ഗണിത ശാസ്ത്രം സുഗമമാക്കാൻ മധുര ഗണിത പദ്ധതി എന്നിവയും സ്കൂളിൽ നടപ്പാക്കുന്നു. കഴിഞ്ഞ 16 വർഷങ്ങൾ കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ച ശേഷം ഇവിടെത്തിയ ഫിലിപ്പ് ജോർജാണ് സ്കൂളിലെ പ്രഥമാദ്ധ്യാപകൻ, പഠന ആസൂത്രണം, പാഠ്യേതര പ്രവർത്തനങ്ങൾ, വിദ്യാലയത്തെ പൊതു സമൂഹവുമായി ബന്ധിപ്പിക്കൽ, നിർമ്മാണ വികസന പ്രവർത്തനങ്ങൾ എന്നിവയിൽ അദ്ദേഹം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസറായി പ്രവർത്തിച്ച ഫിലിപ്പ് ജോർജിനെ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരും, എസ്.പി.സി പ്രോജക്ട് ജില്ലയ്ക്ക് നല്കിയ സംഭാവനകൾ പരിഗണിച്ച് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം.മഹാജനും ആദരിച്ചിരുന്നു.