ss

പത്തനംതിട്ട - പാഞ്ചാലിമേട് സർവീസ് നാളെ മുതൽ

പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട - ഗവി - പരുന്തുംപാറ ടൂറിസം പാക്കേജിന് വനംവകുപ്പ് അനുമതി നൽകിയില്ല. പകരം പത്തനംതിട്ട - വാഗമൺ - പരുന്തുംപാറ - പാഞ്ചാലിമേട് ആദ്യ സർവീസ് നാളെ ആരംഭിക്കും. അൻപത് സീറ്റുള്ള ഫാസ്റ്റ് പാസഞ്ചർ ബസാണ് സർവീസ് നടത്തുന്നത്. രാവിലെ 5.30ന് പുറപ്പെട്ട് രാത്രി ഒൻപത് മണിയോടെ തിരിച്ചെത്തും. നിലവിൽ മുപ്പത് സീറ്റിന്റെ ബുക്കിംഗ് കഴിഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ വെബ്സൈറ്റിൽ ബുക്കുചെയ്യാം. ഒരാൾക്ക് 600രൂപയാണ് ടിക്കറ്റ് ചാർജ്. സീറ്റുകൾ ബാക്കിയുണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി ടിക്കറ്റെടുത്തും യാത്ര ചെയ്യാം. ടൂറിസം പാക്കേജിൽ വരാത്ത മറ്റ് യാത്രക്കാർക്ക് തൽക്കാലം ബസിൽ പ്രവേശനമില്ല. പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് റാന്നി, എരുമേലി, ഇൗരാറ്റുപേട്ട, വാഗമൺ, പരുന്തുംപാറ വഴി പാഞ്ചാലിമേട്ടിലെത്തി തിരികെ വരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചരിക്കുന്നത്.

പത്തനംതിട്ട - ഗവി വഴി പാഞ്ചാലിമേട്ടിലേക്കുള്ള ടൂർ പാക്കേജിന് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് വനംവകുപ്പിനോട് ആറ് മാസം മുൻപ് അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല. പെരിയാർ ടൈഗർ റിസർവ് വനത്തിലൂടെ സർവീസ് നടത്തുന്നതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡി.ടി.ഒ വനംവകുപ്പ് റാന്നി ഡി.എഫ്.ഒയ്ക്കും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ഇതുസംബന്ധിച്ച് കത്തു നൽകിയെങ്കിലും അനുമതി ലഭിച്ചില്ല.

കെ.എസ്.ആർ.ടി.സി ഗവി പാക്കേജിന് തടസം വനംവകുപ്പ്

'' ഗവി സർവീസിന് വനംവകുപ്പിനോട് അനുമതി ചോദിച്ചെങ്കിലും മറുപടി തന്നില്ല. വനോദ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സർവീസ് നടത്താൻ തീരുമാനിച്ചത്.

തോമസ് മാത്യു, പത്തനംതിട്ട ഡി.ടി.ഒ