fw

പത്തനംതിട്ട: റീജിയണൽ ട്രാൻസ്പോർട്ട് ഒാഫീസ് കെ.എസ്.ആർ.ടി.സി ടെർമിനലിലേക്ക് മാറുന്നു. ഇതിനുള്ള നടപടികൾ തുടങ്ങി. ടെർമിനലിലെ ഒന്നാം നിലയിൽ ആർ.ടി ഒാഫീസിന് സ്ഥലം അനുവദിക്കാമെന്ന് ധാരണയായിട്ടുണ്ട്.

പത്തനംതിട്ട ആർ.ടി.ഒയുടെ നേതൃത്വത്തിലുള്ള സംഘം ടെർമിനലിൽ പരിശോധന നടത്തി. നാലായിരം ചതുരശ്രയടി സ്ഥലമാണ് ആർ.ടി ഒാഫീസിനു വേണ്ടത്. കെ.എസ്.ആർ.ടി.സി ടെർമിനലിലെ ഒന്നാം നിലയിൽ മതിയായ സൗകര്യം ഉണ്ടെന്നാണ് വിലയിരുത്തൽ. ചില രേഖകൾ കൂടി കെ.എസ്.ആർ.ടി.സിയിൽ നിന്ന് ലഭിച്ച ശേഷം തുടർ നടപടികളുമായി മുന്നോട്ടു പോകും. ടെർമിനലിന് മുന്നിൽ പാർക്കിംഗ് സ്ഥലം കൂടി നോക്കിയാകും അന്തിമ തീരുമാനം. കെ. എസ്.ആർ.ടി.സി പ്രതിമാസ വാടക നിശ്ചയിച്ചുനൽകേണ്ടതുണ്ട്. കെ.എസ്.ആർ.ടി.സിയും ആർ.ടിഒയും ഗതാഗത വകുപ്പിന് കീഴിലായതിനാൽ ആർ.ടി ഒാഫീസ് മാറുന്നതിന് കാലതാമസം വരില്ലെന്ന് അധികൃതർ പറയുന്നു. സർക്കാർ ഉത്തരവ് ഇറങ്ങിയാൽ ആർ.ടി ഒാഫീസ് ഉടനെ മാറ്റും.

27 വർഷമായി വാടകക്കെട്ടിടത്തിൽ

പത്തനംതിട്ട റീജിയണൽ ട്രാൻസ്പോർട്ട് ഒാഫീസ് 27 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ്. കോളേജ് റോഡിൽ സ്റ്റേഡിയം ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിന് പ്രതിമാസം 70,000 രൂപയാണ് വാടക നൽകുന്നത്. അവസാനം വാടക പുതുക്കിയത് 2018ലാണ്. കെ.എസ്.ആർ.ട‌ി.സി ടെർമിനലിൽ ഇതിലും കുറവായിരിക്കും വാടകയെന്നറിയുന്നു.

'' കെ.എസ്.ആർ.ടി.സി ടെർമിനലിൽ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. സർക്കാർ ഉത്തരവിനായി കാത്തിരിക്കുകയാണ്.

ആർ. ദിലു, പത്തനംതിട്ട ആർ.ടി.ഒ