സുരക്ഷാ വേലിയില്ല : അപകടണക്കെണിയായി ട്രാൻസ് ഫോർമർ
പത്തനംതിട്ട : സുരക്ഷാവേലിയില്ലാത്ത ട്രാൻസ് ഫോർമർ അപകടഭീഷണിയാകുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപമാണ് ട്രാൻസ് ഫോർമർ. റോഡിനോട് ചേർന്നാണിത്. റോഡിൽക്കൂടി പോകുന്നവർക്ക് കൈയെത്താവുന്ന ദൂരമേയുള്ളു ഫ്യൂസിലേക്ക്.
കനത്തമഴയിൽ ട്രാൻസ്ഫോർമറിലെ ഫ്യൂസ് മിക്കവാറും കത്തിപോകാറുണ്ട്. ഒരു തവണ ഫയർഫോഴ്സും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമെത്തിയാണ് തീ അണച്ചത്.
ടി.കെ റോഡ് വീതി കൂട്ടുന്നതിന് മുമ്പേയുള്ള ട്രാൻസ് ഫോർമറാണിത്. റോഡിന് വീതിയായപ്പോൾ റോഡിനോട് ചേർന്നായി. സ്വകാര്യ ഭൂമി ഏറ്റെടുത്തെങ്കിൽ മാത്രമേ ട്രാൻസ് ഫോർമർ മാറ്റി സ്ഥാപിക്കാൻ കഴിയു.
ഇതിനുള്ള പദ്ധതി പി.ഡബ്യൂ.ഡിയും കെ.എസ്.ഇ.ബിയും തയ്യാറാക്കണമെന്ന് അധികൃതർതന്നെ പറയുന്നു. വാഹനങ്ങൾ വന്നാൽ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാനുള്ള സ്ഥലം ഇവിടെയില്ല. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സ്റ്റോപ്പിലിറങ്ങി കളക്ടറേറ്റിലേക്കടക്കം ജീവനക്കാരും മറ്റും പോകുന്നത് ഈ ട്രാൻസ് ഫോർമറിന് മുമ്പിൽകൂടിയാണ്. സുരക്ഷാ വേലി സ്ഥാപിച്ചാൽ റോഡിലേക്ക് ഇറക്കി ക്രമീകരിക്കേണ്ടി വരുമെന്നതിനാലാണ് നടപടി സ്വീകരിക്കാത്തതെന്ന് അധികൃതർ പറയുന്നു.
"മഴയൊക്കെ പെയ്യുമ്പോൾ ശ്രദ്ധിക്കാതെ നടന്നുപോകും. കുടയൊന്ന് തട്ടിയാൽ ചിലപ്പോൾ വലിയ അപകടം സംഭവിക്കും. റോഡിലേക്ക് ഇറങ്ങിയാണ് ഈ ഭാഗത്ത് ആളുകൾ നടക്കുന്നത്. രാത്രിയിൽ ചിലപ്പോൾ ആരും ശ്രദ്ധിച്ചെന്ന് വരില്ല. "
തോമസ് ജോയി
(യാത്രക്കാരൻ)