
അടൂർ : നഗരത്തിലെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി റോഡിനിരുവശവും ഇന്റർലോക്ക് കട്ട പാകുന്ന ജോലിക്ക് വേഗതയേറി. കഴിഞ്ഞ ദിവസങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങിയതിനൊപ്പം പലയിടത്തും ജോലി നിലച്ചമട്ടിലുമായിരുന്നു. ഇത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ചൊവ്വാഴ്ച 'ഇന്റർലോക്ക് കട്ടപാകൽ ഇഴയുന്നു' എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കൂടുതൽ തൊഴിലാളികളെ ജോലിക്കിറക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ പേരുപറഞ്ഞായിരുന്നു മെല്ലെപ്പോക്ക്. ഇന്നലെ സെൻട്രൽ ജംഗ്ഷന് തെക്കും പഴയ പ്രൈവറ്റ് സ്റ്റാൻഡിന് പടിഞ്ഞാറും രണ്ടിടത്തായി പണി തുടങ്ങി. അതേ സമയം പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ ഒാട്ടോസ്റ്റാൻഡ് പ്രവർത്തിച്ചുവന്ന സ്ഥലത്ത് ഇനിയും പണികൾ ആരംഭിച്ചിട്ടില്ല. ഇവിടെ ഇന്റർലോക്ക് കട്ടകളും പാറചിപ്സും ഇറക്കിയിട്ടേയുള്ളു. കൂടുതൽ തൊഴിലാളികളെ രംഗത്തിറക്കാത്ത കരാറുകാരന്റെ നടപടിയാണ് അനിശ്ചതമായി പദ്ധതി നീണ്ടുപോകാൻ കാരണം. 10.50 കോടി രൂപ ചെലവഴിച്ച് നഗരസൗന്ദര്യവത്കരണം നടത്താനുള്ള ജോലികൾ ആരംഭിച്ചിട്ട് നാല് വർഷം പിന്നിടുന്നു. ഇത് പൂർത്തിയാക്കിയാൽ മാത്രമേ നഗരഹൃദയത്തിൽ വലിയ തോടിന് കുറുകെ നിർമ്മിച്ച രണ്ട് ഇരട്ടപ്പാലങ്ങളും തുറന്നുകൊടുക്കാനാകു. സമയബന്ധിതമായി പണികൾ പൂർത്തീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സ്ഥലം എം. എൽ. എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തിരുവനന്തപുരത്ത് ഉൾപ്പെടെ പലയോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. കരാറുകാനെ ഒഴിവാക്കാൻ അടുത്ത സമയത്തും നോട്ടീസ് നൽകിയിരുന്നതാണ്. ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടപടികളിൽ നിന്ന് ഒഴിവാകുകയാണ് കരാറുകാൻ പലപ്പോഴും. ഇരട്ടപാലങ്ങളുടെ ഉദ്ഘാടനം മേയിൽ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.