പള്ളിക്കൽ: കെ.എസ്.ഇ.ബി പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷനിൽ വൈദ്യുതി വിതരണം പ്രതിസന്ധിയിൽ. കാറ്റടിച്ചാൽപ്പിന്നെ മണിക്കൂറുകളോളം വൈദ്യുതിയില്ല. ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചാൽ ഫീഡറില്ലെന്നാണ് മറുപടി. ശാസ്താംകോട്ട സബ് സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി ഫീഡർ ലൈനാണ് പള്ളിക്കൽ സെക്ഷനിലും . ശൂരനാട് സെക്ഷനിലെ പത്ത് ട്രാൻസ് ഫോർമറുകളും തൊടിയൂർ സെക്ഷനിലെ ട്രാൻസ് ഫോർമറുകളും ഈ ഫീഡറിലാണ് . തൊടിയൂർ , ശൂരനാട് ഭാഗത്ത് മരം വീഴുകയോ മറ്റോ ചെയ്താൽ അവിടെ ട്രാൻസ് ഫോർമർ ഭാഗങ്ങളിൽ തകരാർ പരിഹരിച്ചതിന് ശേഷം മാത്രമേ പള്ളിക്കലിലേക്ക് വൈദ്യുതിയെത്തു. വർഷങ്ങളായി ഇതാണ് സ്ഥിതി. ശൂരനാട് സെക്ഷന്റെ 4 ട്രാൻസ് ഫോർമറുകളും അടൂർ സെക്ഷന്റെ 15 ട്രാൻസ് ഫോർമറുകളും പള്ളിക്കൽ സെക്ഷന് അധികമായി നൽകിയിട്ടുണ്ട്. മൊത്തം 78 ട്രാൻസ് ഫോർമറുകളാണ് പള്ളിക്കൽ സെക്ഷന് ഇപ്പോഴുള്ളത്. സ്വന്തമായി സബ് സ്റ്റേഷൻ അനുവദിച്ചാൽ 4 മുതൽ 6 ഫീഡർ വരെ ലഭിക്കും. ഇതിനായി 110 കെ.വി ലൈൻ കടന്നുപോകുന്ന ചെറുകുന്നം കേന്ദ്രീകരിച്ച് സബ് സ്റ്റേഷൻ ആരംഭിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കിയിരുന്നു. സൗകര്യപ്രദമായി സ്ഥലം ലഭ്യമായാൽ ഭരണനുമതി ലഭ്യമാക്കി നടപടികളിലേക്ക് കടക്കും. സ്ഥലം ലഭ്യമാകാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. കാലവർഷം ശക്തിപ്രാപിച്ചതിനാൽ മണിക്കൂറുകളോളം വൈദ്യുതിയില്ലാത്ത സ്ഥിതിയാണ്. പരാതിക്കാരുടെ മുൻപിൽ ഉദ്യോഗസ്ഥർ നിസഹായരാവുകയാണ്. സ്വന്തമായി ഫീഡറില്ലാത്ത ജില്ലയിലെ ഓഫീസുകളിൽ ഒന്നാണ് പള്ളിക്കൽ, സ്വന്തമായി ഫീഡർ ലൈൻ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.