ankanavadi
അപകടാവസ്ഥയിലയായ മുണ്ടൻപാറ അങ്കണവാടി കെട്ടിടം

സീതത്തോട്: മുണ്ടൻപാറ അങ്കണവാടി കെട്ടിടം തകർച്ചാ ഭീഷണിയിൽ. അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളിൽ നാട്ടുകാർ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപം. പഞ്ചായത്ത് ഒൻപതാം വാർഡിലെ ഇൗ കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ടുകീറിയ നിലയിലാണ്. ആസ്ബസ്റ്റോസ് ഷീറ്റുകൾ പഴകി ചോർച്ചയുണ്ട്. കാറ്റും മഴയും വരുമ്പോൾ കെട്ടിടം നിലംപൊത്തുമോ എന്ന ഭീതിയിലാണ് പിഞ്ചു കുട്ടികളുടെ രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും. നേരത്തേ പത്തിലേറെ കുട്ടികൾ ഉണ്ടായിരുന്ന അങ്കണവാടിയിലേക്ക് ഇപ്പോൾ രക്ഷിതാക്കൾ കുട്ടികളെയെത്തിക്കാൻ മടിക്കുകയാണ്. മുപ്പത് വർഷത്തോളം പഴക്കമുണ്ട് കെട്ടിടത്തിന്. 2018ലെ പ്രളയത്തിൽ സമീപത്ത് ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ അങ്കണവാടിക്ക് ബലക്ഷയമുണ്ടായതാണ്. കെട്ടിടം പുനർനിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെന്ന് രക്ഷകർതൃസമിതി പ്രസിഡന്റ് സീതത്തോട് മോഹൻ പറഞ്ഞു. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിന്നുള്ള കുട്ടികളാണ് അങ്കണവാടിയിൽ എത്തുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കും പോഷകാഹാരം വിതരണം ചെയ്യുന്നുണ്ട്.