പ്രമാടം : അമിത വേഗതയിൽ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിമുക്ത ഭടന് പരിക്ക്. എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖാ വൈസ് പ്രസിഡന്റുകൂടിയായ പൂങ്കാവ് നിജ നിവാസിൽ സി.ആർ.യശോധരനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒൻപതോടെ പൂങ്കാവ് -പ്രമാടം -പത്തനംതിട്ട റോഡിൽ പ്രമാടം ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപമാണ് അപകടം. പൂങ്കാവ് ഭാഗത്ത് നിന്നും സ്കൂട്ടറിൽ എത്തിയ യശോധരൻ എസ്.എൻ.ഡി.പി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന എസ്.എൻ സൂപ്പർ മാർട്ടിലേക്ക് തിരിയുന്നതിനിടെ പ്രമാടം ഭാഗത്ത് നിന്ന് അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചിതെറിപ്പിക്കുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് സാരമായി പരിക്കേറ്റ യശോധരനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൈ വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ച ശേഷം പ്രദേശത്ത് അപകടങ്ങൾ പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വേഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാനകാരണം.