1
പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തടിയൂരിൽ നടന്ന ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്ദലജെ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ശിലപ്ശാല കേന്ദ്ര കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സഹമന്ത്രി സുശ്രി ശോഭാ കരന്ദലജെ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉല്പന്നങ്ങള്‍ സമയബന്ധിതമായി കയറ്റുമതി ചെയ്ത് അധിക വരുമാനം നേടുന്നതിനുള്ള സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ചക്കയുടെയും,റമ്പൂട്ടാന്‍പോലയുള്ള ഫലങ്ങളുടെയും കയറ്റുമതിക്കുള്ള സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ചക്കയുടെ സംസ്ഥാന വിഭവ കേന്ദ്രവും, വിവിധ ലാബുകളും, പ്രദര്‍ശന യൂണിറ്റുകളും മന്ത്രി സന്ദര്‍ശിച്ചു. കാര്‍ഡ് ഡയറക്ടര്‍ റവ.മോന്‍സി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ.ജയശ്രീ കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡോ.സി.പി.റോബര്‍ട്ട്,ഡോ.സെന്‍സി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഡോ.ബിനി സാം, ഡോ. ജി.ജയലക്ഷ്മി, ഡോ. ബിനു ജോണ്‍ സാം, തോമസ്,ഡോ.റിന്‍സി കെ. ഏബ്രഹാം, അലക്‌സ് ജോണ്‍, ഡോ.സിന്ധു സദാനന്ദന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.