ചെങ്ങന്നൂർ: സംസ്ഥാനത്ത് കിൻഫ്രയ്ക്കു വ്യവസായ പാർക്കില്ലാതിരുന്ന ഏക ജില്ലയായിരുന്നു ആലപ്പുഴയെന്നും ഇവിടേക്ക് വരാൻ നിക്ഷേപകർക്ക് ഭയമുണ്ടായിരുന്നതായും മന്ത്രി പി. രാജീവ്. നിലവിൽ ട്രേഡ് യൂണിയൻ സമീപനം മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുളക്കുഴ കോട്ടയിലെ പ്രഭുറാം മിൽസ്സ് ഭൂമിയിൽ ആരംഭിക്കുന്ന കുട്ടനാട് റൈസ് പാർക്കിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംരംഭകർക്കു ആത്മവിശ്വാസം പകരണം. നോക്കുകൂലി ഉൾപ്പെടെ യൂണിയൻ തലത്തിൽ ആലപ്പുഴയിൽ തെറ്റായ പ്രവണതകൾ നിലനിന്നിരുന്നു. മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ടെന്നും വലിയ സാദ്ധ്യതകളുള്ള സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു. റൈസ് പാർക്കിൽ നിന്നും ഒരു ദിവസം 80 ടൺ സംസ്‌കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലായി 300 ദിവസം തൊഴിലാളികൾക്ക് ജോലി നൽകാൻ കഴിയും. പണികൾ ധ്രുതഗതിയിൽ പൂർത്തിയാക്കി അടുത്ത നവംബറിൽ റൈസ് പാർക്ക് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനം രൂപവത്ക്കരിച്ച ശേഷം ചെങ്ങന്നൂർ മണ്ഡലത്തിൽ ആദ്യമായാണ് ഒരു വ്യവസായശാലയുടെ ഉദ്ഘാടനം നടത്തുന്നതെന്നു എം.എൽ.എ. പറഞ്ഞു. മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.ജി.രാജേശ്വരി, സി.കെ.രാജേന്ദ്രൻ, ആർ.നാസർ, ജീവ ആനന്ദൻ, ജെബിൻ പി. വർഗീസ്, എൻ.പത്മാകരൻ,സി.ആർ. വത്സൻ, എം.എച്ച്.റഷീദ് എന്നിവർ പ്രസംഗിച്ചു.