പത്തനംതിട്ട: സംരക്ഷിത വനമേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോലമാകാം എന്നുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം റദ്ദുചെയ്യണമെന്ന് ആന്റോ ആന്റണി എം.പി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒരു കിലോമീറ്റർ വരെ പരിസ്ഥിതി നിലനിറുത്തണമെന്ന സുപ്രിംകോടതി ഉത്തരവിനാധാരം കേരള നിയമസഭയിലെ 2019 ഒക്ടോബർ 31 ലെ സംസ്ഥാന സർക്കാരിന്റെ തീരുമാനമാണ് . തിരുമാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സുപ്രിംകോടതിയെയും അറിയിച്ചതായി അന്നത്തെ വനം വകുപ്പ് മന്ത്രി കേരള നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു. അന്നെടുത്ത ക്യാബിനറ്റ് തീരുമാനം ഇന്നും നിലനിൽക്കുകയാണ് . ഇതു സംബന്ധമായി വന്ന സുപ്രീംകോടതി വിധിക്കെതിരെ അതാത് സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ ന്യായീകരിക്കട്ടെ എന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത് . ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഒരു അഭിഭാഷകനെ പോലും നിയോഗിക്കാതെ പോയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ് . ആ വിധിക്കെതിരെയുള്ള റിവിഷൻ ഹർജി കൊടുക്കുന്നതിന് മുമ്പ് ഈ തീരുമാനം റദ്ദ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡി. സി. സി ഭാരവാഹികളായ റോബിൻപീറ്റർ, അഡ്വ.എ. സുരേഷ്‌കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.