
റാന്നി : നാറാണമൂഴി പഞ്ചായത്തിലെ കുടമുരട്ടി കൊച്ചുകുളം മേഖലയിൽ ജനവാസ മേഖലയിലേക്ക് കാട്ടാനകൾ ഇറങ്ങി നാശംവിതയ്ക്കുന്നു. കഴിഞ്ഞ രാത്രിയിൽ കൊച്ചുകുളം വാട്ടർടാങ്കിന് സമീപം കാട്ടാന ഇറങ്ങി ഭീതി പരത്തി. ഓലിക്കൽ പണിക്കരുടെ പറമ്പിലെ കൃഷികൾ നശിപ്പിച്ചു. കൊച്ചുകുളം തെക്കേക്കര ഭാഗത്ത് സിന്ധു പാലക്കപ്പറമ്പിൽ, സന്ദീപ് പുത്തൻകണ്ണത്ത്, ലളിത ആലയിൽ, രാജപ്പൻ പറങ്കിമാംകൂട്ടത്തിൽ എന്നിവരുടെ പുരയിടത്തിലെ തെങ്ങ്, കപ്പ, വാഴ, കവുങ്ങ് എന്നീ കൃഷികൾ കാട്ടാന നശിപ്പിച്ചു. കായ്ക്കുന്ന തെങ്ങും കവുങ്ങും മൂടോടെ പിഴുതു നിലത്തിട്ടു ചവിട്ടിയരച്ചു.
മേഖലയിലെ പലയിടത്തും സൗരോർജവേലി കാട്ടാനകൾ തകർത്തു. പടക്കം പൊട്ടിച്ചും പത്രങ്ങൾ കൊട്ടി ശബ്ദമുണ്ടാക്കിയുമാണ് ജനങ്ങൾ നേരം വെളുപ്പിക്കുന്നത്. കാട്ടാനയെയും മറ്റു വന്യമൃഗങ്ങളെയും ഭയന്ന് രാത്രിയിൽ വീടിനു പുറത്തിറങ്ങാൻ ആളുകൾക്ക് ഭയമാണ്.
സൗരോർജ്ജ വേലി പരാജയം
വ്യാപകമായ രീതിയിൽ കാട്ടാനകളുടെയും മറ്റു വന്യജീവികളുടെയും ആക്രമണം കൂടിയതോടെയാണ് വനംവകുപ്പ് ഈ പ്രദേശങ്ങളിൽ സൗരോർജ്ജ വേലി സ്ഥാപിച്ചത്. നശിപ്പിക്കപ്പെടുന്ന സ്ഥലങ്ങളിലെ സൗരോർജ വേലി നന്നാക്കാത്തത് കാട്ടാനയ്ക്ക് കൃഷിയിടങ്ങളിലേക്കിറങ്ങാൻ സഹായകരമാണ്. നശിപ്പിച്ച കമ്പിത്തൂണിനു പകരം ഒന്ന് രണ്ടു സ്ഥലത്തു റബ്ബർ മരത്തിലാണ് വേലി കെട്ടി നിറുത്തിയിരിക്കുന്നത്. കൂടാതെ തൂണിനു പകരം പച്ച കമ്പുകളും നാട്ടിയിരിക്കുന്നു. വൈദ്യുതി പ്രവഹിക്കേണ്ട സൗരോർജ വേലി പലയിടത്തും കാടുകയറുന്നതിനാൽ കൃത്യമായ രീതിയിൽ വന്യമൃഗങ്ങൾക്ക് ഷോക്ക് ഏൽക്കുന്നില്ലായെന്ന ആക്ഷേപവുമുണ്ട്.
വന അതിർത്തികളിൽ വലിയ കിടങ്ങുകുഴിച്ചു കാട്ടാനയും മറ്റും ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.