
തിരുവല്ല : രാമായണ മാസത്തിൽ ഭക്തജനങ്ങൾക്ക് നാലമ്പല ദർശനത്തിന് സൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സി വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ജില്ലയിലെ തിരുവല്ല, പത്തനംതിട്ട, അടൂർ, കോന്നി ഡിപ്പോകളിൽ നിന്നാണ് ഡീലക്സ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ യാത്ര ഒരുക്കുന്നത്. തൃശൂർ ജില്ലയിലെ പ്രശസ്തമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരതക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രം, എറണാകുളം ജില്ലയിലെ തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ.
കെ.എസ്.ആർ.ടി.സി വഴിയെത്തുന്ന തീർത്ഥാടകർക്ക് ക്ഷേത്രവുമായി സഹകരിച്ച് ദർശനത്തിനും വഴിപാടിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. പുലർച്ചെ നാലിന് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് പുറപ്പെട്ട് നാലമ്പലങ്ങളിലും ദർശനം നടത്തി വൈകിട്ട് ഏഴിന് തിരിച്ചെത്താം. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ അഭിമുഖ്യത്തിലാണ് വിപുലമായ സൗകര്യങ്ങളോടെ തീർത്ഥയാത്ര സംഘടിപ്പിക്കുന്നത്. കർക്കടകം ഒന്നായ ജൂലായ് 17 മുതൽ ട്രിപ്പുകൾ ആരംഭിക്കും. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും.
വിശദവിവരങ്ങൾക്ക് ജില്ലാ കോർഡിനേറ്റർ: 9744348037, തിരുവല്ല : 9744348037, അടൂർ : 9846460020. പത്തനംതിട്ട : 9847042507, കോന്നി : 8281855766.