
പത്തനംതിട്ട : ജില്ലയിൽ കാരുണ്യ കമ്മ്യുണിറ്റി ഫാർമസിയിൽ മരുന്നുകൾക്കും സർജിക്കൽ ഉപകരണങ്ങൾക്കും ക്ഷാമം. കേരള സർക്കാരിന്റെ ചുമതലയിൽ മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുന്ന സ്ഥാപനമാണിത്. 13% മുതൽ 45 ശതമാനം വരെ വിലക്കുറവിൽ ഇവിടെ മരുന്ന് ലഭിക്കും. പുറത്ത് വൻ വില നൽകി വാങ്ങേണ്ട മരുന്നുകൾക്കും സർജിക്കൽ ഉപകരണങ്ങൾക്കുമാണ് ക്ഷാമമേറെ. പാരസെറ്റാമോൾ പോലെയുള്ള മരുന്നുകൾ ഇവിടെ സുലഭമായി ലഭിക്കുന്നുമുണ്ട്.
ജില്ലയിൽ എല്ലാ താലൂക്ക് ആശുപത്രികളിലും കാരുണ്യ ഫാർമസി പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേ ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഫാർമസികൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നിന് ഭാരിച്ച തുക ചെലവഴിക്കേണ്ടി വരുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസമായിരുന്നു കാരുണ്യ ഫാർമസി. ജീവിതശൈലി രോഗങ്ങൾക്കുൾപ്പെടെ ഇവിടെ നിന്ന് സ്ഥിരമായി മരുന്ന് വാങ്ങി ഉപയോഗിക്കുന്ന നിരവധിയാളുകളുണ്ട്. സർക്കാർ ആശുപത്രിയിലെത്തുന്നവർക്ക് പുറത്തുപോകാതെ സർജിക്കൽ ഉപകരണങ്ങളടക്കം ഇവിടെ നിന്ന് ലഭിക്കുമായിരുന്നു. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് മരുന്ന് വാങ്ങാനായി മാത്രം ആശുപത്രിയിലെത്തുന്നവരുണ്ട്. അവരുടെ ഏക പ്രതീക്ഷ കൂടിയാണ് കാരുണ്യ ഫാർമസി. കാരുണ്യ ഫണ്ടിന്റെ ആനുകൂല്യം ലഭിക്കുന്നവർക്ക് ഈ ഫാർമസിയിൽ നിന്ന് സൗജന്യമായാണ് മരുന്ന് ലഭിക്കുക.
" മാസം അവസാനമായതിനാലാണ് മരുന്ന് കുറയുന്നത്. മരുന്ന് എത്താനെടുക്കുന്നതിലുണ്ടായ കാലതാമസം മാത്രമേയുള്ളു. വേഗത്തിൽ ഇത് പരിഹരിക്കും. "
ഫാർമസി അധികൃതർ