മെഴുവേലി: മെഴുവേലി - കിടങ്ങന്നൂർ റോഡിൽ മെഴുവേലി ഹൈസ്‌കൂൾ ജംഗ്ഷനിൽ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. റോഡിന് മുകളിൽ നിന്നും വരുന്ന ഉറവയാണ് വെള്ളകെട്ടിന് പ്രധാന കാരണം. ജംഗ്ഷനിൽ നിന്നും 100മീറ്റർ മാറിയുള്ള ഈ ഉറവയ്ക്ക് കുറുകെയുണ്ടായിരുന്നു കലുങ്ക് തകർത്ത് റോഡ് പണിതതോടെയാണ് വെള്ളം റോഡിൽ കെട്ടിനിൽക്കാൻ തുടങ്ങിയത്. വാഹനങ്ങൾ പോകുമ്പോൾ വെള്ളം കടകളിലേയ്ക്കും താഴെയുള്ള വീടുകളിലേയ്ക്കും തെറിക്കുന്നത് പതിവാണ്. കടകളിലേക്ക് വെള്ളം തെറിക്കുകയും വില്പന സാധനങ്ങൾക്ക് അടക്കം കേടുവരുന്നതായും പരാതിയുണ്ട്. വഴിയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും വെള്ളകെട്ട് ഭീഷണിയായിരിക്കുകയാണ്. അപകടങ്ങളും പതിവാകുന്നുണ്ട്.റോഡിന് താഴെയുള്ള വീടുകളിലെ കിണറുകളിൽ മലിനജലം നിറയുന്നത് കാരണം വെള്ളംകുടിമുട്ടുന്ന സ്ഥിതിയാണ്. വെള്ളം വലിയുമ്പോൾ റോഡിൽ അടിഞ്ഞു കൂടുന്ന മണ്ണ് പൊടിയായി അടുത്തുള്ള വീടുകളിലേയ്ക്കും കടകളിലേയ്ക്കും കയറി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കലുങ്ക് പുനസ്ഥാപിക്കുകയോ ഉറവയുടെ ഒഴുക്ക് പുനസ്ഥാപിക്കുകയോ ചെയ്താൽ മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുകയുള്ളൂ.
..................
പൊളിച്ചുമാറ്റിയ കലുങ്കിന്റെ ഭാഗത്ത് വെള്ളം ഒഴുകാൻ നെറ്റ് ഇടാമെന്ന് പറയുന്നതല്ലാതെ നീക്കുപോക്കുണ്ടാകുന്നില്ല. വഴിയിൽ കെട്ടിനിൽക്കുന്ന വെള്ളം താഴേക്ക് ഒഴുകാതെ കടയിലേക്ക് തെറിക്കുന്ന സ്ഥിതിയാണിപ്പോൾ. പഞ്ചായത്തിലടക്കം പറഞ്ഞിട്ടും ഒരു നടപടിയുമില്ല.
കമലാസനൻ
(കടയുടമ)
.........................
ജി.എസ്.ടിയെ തുടർന്നുള്ള പ്രശ്‌നം കാരണം കരാറുകാരൻ പണിയിൽ നിന്നും മാറി നിൽക്കുകയാണ്. സർക്കാർ തീരുമാനം എടുത്താൽ മാത്രമേ പണി നടക്കു.
(കിഫ്ബി അധികൃതർ)
...............
പ്രശ്‌നത്തെ തുടർന്ന് പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. ഉടൻ അതിന് പരിഹാരം ഉണ്ടാക്കാനുള്ള നടപടി സ്വീകരിക്കും
5ാം വാർഡ് മെമ്പർ
(മെഴുവേലി പഞ്ചായത്ത്)