
കോഴഞ്ചേരി: ശരീരം തളർന്ന ഭർത്താവിനെ ചുമലിലേറ്റി സഞ്ചരിക്കുന്ന സുജയുടെ ദുരിതജീവിതം നേരിട്ടറിയാൻ ആരോഗ്യമന്ത്രി വീണാജോർജ് എത്തി. ചരൽക്കുന്ന് പെരുമ്പാറ സ്കൂളിന് സമീപം ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലൂടെ ഭർത്താവ് ദാസിന്റെ ചികിത്സയും വീട്ടുകാര്യങ്ങളും നോക്കുന്ന സുജയുടെ ജീവിതം അറിഞ്ഞ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ ടീച്ചറും വീട് സന്ദർശിക്കുകയും വീട്ടിലേക്ക് എത്തുവാനുള്ള വഴിയും കുടിവെള്ള സൗകര്യങ്ങളും ഏർപ്പാടാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് ഉറപ്പു നൽകുകയും ചെയ്തു. സുജയുടെയും ഭർത്താവിന്റെയും ജീവിതത്തെക്കുറിച്ച് ഇക്കഴിഞ്ഞ ജൂൺ 20ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
തെങ്ങുകയറ്റ തൊഴിലാളിയായ ദാസ് തെങ്ങിൽ നിന്നുവീണുണ്ടായ അപകടത്തെ തുടർന്ന് എട്ട് വർഷമായി തളർന്നു കിടപ്പിലാണ്. രണ്ടു മുറി മാത്രമുള്ള തന്റെ വീടിന് ലഭിക്കുന്ന കറണ്ട് ചാർജ്ജിൽ അപാകതയുള്ളതായി മന്ത്രിയോട് പരാതിപ്പെട്ടത്തിനെ തുടർന്ന് മന്ത്രി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും പരാതിയിൽ ആവശ്യമായ പരിശോധന നടത്തണമെന്ന് നിർദേശിക്കുകയും ചെയ്തു. മുൻപ് എം.എൽ.എ ആയിരുന്ന സമയത്ത് ചികിത്സയ്ക്ക് ആവശ്യമായ ധനസഹായം ഉൾപ്പെടെ ലഭ്യമാക്കുവാൻ മന്ത്രി ഇടപെട്ട കാര്യം സുജ മന്ത്രിയോട് സൂചിപ്പിച്ചു.
തുടർ ചിത്സയ്ക്ക് ആവശ്യമായ സഹായം ഉൾപ്പെടെ മന്ത്രി വാഗ്ദാനം ചെയ്തു.
സി.പി.എം കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗം ബിജിലിപി ഈശോ, സി.പി.എം തോട്ടപ്പുഴശ്ശേരി ലോക്കൽ സെക്രട്ടറി ആർ.ഡോണി, ലോക്കൽ കമ്മറ്റി അംഗം
പി.കെ.ബിനു എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.