തെങ്ങമം : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല & സാംസ്‌കാരിക കേന്ദ്രം വായനപക്ഷാചാരണത്തോട് അനുബന്ധിച്ച് കവി.അനിൽപനച്ചൂരാന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന കിളിക്കൊഞ്ചൽ സീസൺ 2 അന്തർജില്ലാ കവിതാലാപനമത്സരത്തിന്റെ ലോഗോപ്രകാശനം പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്രദേഴ്‌സ് സെക്രട്ടറി ജയകുമാർ പി.ബ്രദേഴ്‌സ് ട്രഷറർ വിമൽ കുമാർ എസ്, പ്രമോദ് വി.എന്നിവർ പങ്കെടുത്തു. ഇന്നു മുതൽ 25 വരെയാണ് മത്സരം.14 മുതൽ 45 വയസുവരെയുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരം രണ്ടു ഘട്ടങ്ങളിലായാണ് നടക്കുന്നത്.ആദ്യ ഘട്ടത്തിൽ മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികളും തങ്ങളുടെ കവിതാലാപനവീഡിയോ അയച്ചു തന്ന് മത്സരത്തിൽ പങ്കെടുക്കണം.വിഡിയോ അയച്ചു തന്നവരിൽ നിന്ന് ഏറ്റവും മികച്ച അഞ്ചെണ്ണം വിദഗ്ധപാനൽ തിരഞ്ഞെടുക്കും.വിധികർത്താക്കൾ തിരഞ്ഞെടുക്കുന്ന അഞ്ചു പേർ കിളിക്കൊഞ്ചൽ സമാപനവേദിയിൽ ആദ്യ അഞ്ചു സ്ഥാനങ്ങൾക്കായി മത്സരിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അഞ്ച് മിനിറ്റിനുള്ളിലുള്ള കവിതാലാപന വീഡിയോ 9846088198,9744621043,9497781482 എന്നീ നമ്പറുകളിൽ ഒന്നിലേക്ക് അയച്ചു കൊടുക്കേണ്ടതാണ് .കവിതാലാപന മത്സരത്തിന്റെ ഒന്നാം സമ്മാനം 6001 രൂപയും കൈതയ്ക്കൽ കൈമവിളയിൽ കെ.നാരായണൻ നായർ മെമ്മോറിയൽ ട്രോഫിയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം 3501 രൂപയും തോട്ടുവ മനോജ് ഭവനത്തിൽ വാസുദേവൻ നായർ മെമ്മോറിയൽ ട്രോഫിയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം 2501 രൂപയും കൈതയ്ക്കൽ വട്ടവിളയിൽ ജാനകിയമ്മ മെമ്മോറിയൽ ട്രോഫിയും പ്രശസ്തി പത്രവും നാലാം സമ്മാനം 1501 രൂപയും കൈതയ്ക്കൽ അമ്പാരിയിൽ ഷിനു ആർ.അമ്പാരി മെമ്മോറിയൽ ട്രോഫിയും പ്രശസ്തിപത്രവും അഞ്ചാം സമ്മാനം 1001രൂപയും തോട്ടുവ മഠത്തിലയ്യത്ത് ഗോപകുമാർ മെമ്മോറിയൽ ട്രോഫിയും പ്രശസ്തി പത്രവും ആയിരിക്കും.മികച്ച പ്രകടനം നടത്തുന്ന മത്സരാർത്ഥികൾക്ക് പ്രോത്സാഹനസമ്മാനങ്ങളും നൽകും.