കൊടുമൺ: സഹോദര സ്നേഹത്തിന്റെ അനശ്വര പ്രതീകമായ ശ്യാമള മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ കൊടുമൺ കുളത്തിനാൽ ജീവകാരുണ്യഗ്രാമത്തിലുണ്ട്. ഒപ്പം സഹോദരങ്ങളും.ഗർഭസ്ഥശിശുക്കളായിരിക്കുമ്പോൾ മാരകരോഗം പിടിപെട്ട സഹോദരൻമാർക്ക് ദീർഘവർഷങ്ങളായി താങ്ങുംതണലുമാണ് ശ്യാമള (63).
കുന്നന്താനം കണ്ണഞ്ചിറ വള്ളവല പേരൂർ വീട്ടിൽ രാമചന്ദ്രൻ നായരുടെയും രത്‌നമ്മയുടെയും മകളാണ്. രണ്ടു സഹോദരന്മാരെ പരിപാലിക്കാൻ വിവാഹ ജീവിതം പോലും വേണ്ടെന്നുവച്ചു ശ്യാമള. പിതാവ് രാമചന്ദ്രൻനായർ പൊലീസ് കോൺസ്റ്റബിളായിരുന്നു. അടിയന്തരാവസ്ഥകാലത്ത് അച്ചടക്കനടപടിക്ക് വിധേയനായി സർവീസിൽ നിന്ന് പുറത്തായി. സർവീസ് അനുകുല്യങ്ങൾ ലഭിച്ചില്ല . പ്രകാശും സന്തോഷുമാണ് ശ്യാമളയുടെ സഹോദരങ്ങൾ. ഇതുവരെ ചികിത്സകണ്ടുപിടിച്ചിട്ടില്ലാത്ത പ്രോഗ്രസീവ് മസ്‌ക്ലാർ ഡിട്രോഫിയ എന്ന രോഗമാണ് ഇരുവർക്കും. പിതാവിന്റെ മരണശേഷം കുടുംബഭാരം മുഴുവൻ ശ്യാമളയുടെ ചുമലിലായി. പ്രകാശിന് ഇപ്പോൾ വയസ് 58 . സന്തോഷിന് 56 . ഇതുവരെ ഇവരെ പരിപാലിച്ചതത്രയും ശ്യാമളയാണ്. രണ്ടുപേരെയും പ്രാഥമികകർമ്മങ്ങൾക്ക് എടുത്തുകൊണ്ടുപോകണം, ഭക്ഷണം വാരിക്കൊടുക്കണം, വസ്ത്രം ധരിപ്പിക്കണം ഇടയ്ക്ക് ശ്യാമള സഹോദരന്മാരെ എടുത്തുകൊണ്ട് ബാത്ത് റൂമിലേക്ക് പോകുമ്പോൾ വീഴുകയും ചെയ്തു. തന്റെയും സഹോദരങ്ങളുടെയും ഭാവിയെക്കുറിച്ചോർത്ത് വേദനിക്കുമ്പോഴാണ് മഹാത്മാജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയും ഭാര്യ പ്രഷിൽഡയും എത്തുന്നത്. അവർ ശ്യാമളയെയും സഹോദരന്മാരെയും ഏറ്റെടുത്തു. പൊലീസിലെ പിതാവിന്റെ സർവീസ് പരിഗണിച്ച് എന്തെങ്കിലും ആനുകൂല്യം ലഭിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ് ശ്യാമള. പിതാവിന്റെ പേരിൽ കുന്നന്താനം വില്ലേജിൽ 6 സെന്റ് സ്ഥലമുണ്ട്. അത് തന്റെയും സഹോദരന്മാരുടെയും പേരിൽ മാറ്റിക്കിട്ടാൻ കാത്തിരിക്കുകയാണ്. ജീവിത ദുരിതങ്ങൾക്കിടയിൽ കുന്നന്താനം എൻ.എസ്.എസ് കരയോഗം ഉൾപ്പെടെ സഹായിച്ചിട്ടുണ്ട്. രക്തബന്ധങ്ങൾക്ക് പോലും വിലയില്ലാതായ ഇക്കാലത്ത് സഹോദരങ്ങൾക്ക് വേണ്ടി ജീവിച്ച ശ്യാമളയെ
കഴിഞ്ഞ വനിതാദിനത്തിൽ വനിതാ ശിശുക്ഷേമ വകുപ്പും ലീഗൽ സർവീസ് അതോറിറ്റിയും ആദരിച്ചിരുന്നു. ജില്ലാ കളക്ടർ ദിവ്യാ എസ്.അയ്യർ പൊന്നാടയും അണിയിച്ചു.