പത്തനംതിട്ട: അപകടങ്ങൾ ഒന്നും രണ്ടുമല്ല. മരണങ്ങൾ രണ്ടക്കം കടന്നു. എന്നിട്ടും തിരുവല്ല - കുമ്പഴ റോഡിൽ വേഗ നിയന്ത്രണ സംവിധാനമില്ല. പരിശോധനയില്ല. ഇനിയും ചോരപ്പുഴ ഒഴുകാൻ കാത്തിരിക്കുകയാണോ അധികൃതർ ?. ഉന്നത നിലവാരത്തിൽ പുനർ നിർമിച്ച ടി.കെ റോഡിൽ പകലും രാത്രിയും അപകടങ്ങളേറുകയാണ്. കഴിഞ്ഞ രാത്രിയിൽ നിയന്ത്രണംവിട്ട ടിപ്പർലോറി മതിലിൽ ഇടിച്ചു നിന്നതിനാൽ വലിയ അപകടത്തിൽ നിന്ന് ഒഴിവായി. ചെട്ടിമുക്കിലായിരുന്നു സംഭവം. ടിപ്പർലോറി ഒാടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചതായും സംശയിക്കുന്നുണ്ട്. രാത്രി ഒരുമണിയോടെ അപകടകരമായി നിറുത്തിയിട്ടിരിക്കുന്ന ടിപ്പർ ലോറി കണ്ട് അതുവഴി വന്ന ആംബുലൻസ് നിറുത്തി. ലോറി ഡ്രൈവറെ വിളിച്ചപ്പോൾ അയാൾ മദ്യപിച്ച പോലെയാണ് കണ്ടത്.
കഴിഞ്ഞ മാസം പൊതുപ്രവർത്തകനായ രാജു പുളിമൂട്ടിൽ മരിച്ചത് ടി.കെ റോഡിൽ പുല്ലാടിനും മുട്ടുമണ്ണിലും ഇടയിലുണ്ടായ അപകടത്തിലാണ്. തോട്ടഭാഗം കവലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരണമടഞ്ഞിരുന്നു. പുല്ലാട് കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. 2019 സെപ്തംബറിൽ കുമ്പനാട് അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചു കയറി നാല് പേർ മരിച്ചിരുന്നു. ആധുനിക നിലവാരത്തിൽ പുനർനിർമ്മിച്ച തിരുവല്ല - കുമ്പഴ റോഡ് കഴിഞ്ഞ് എൽ.ഡി.എഫ് സർക്കാരിന്റെ ആദ്യ വർഷത്തിലാണ് തുറന്നു കൊടുത്തത്. റോഡിൽ വേഗ നിയന്ത്രണ സംവിധാനം വേണമെന്ന് റോഡ് സുരക്ഷാ സമിതി ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല. നിരീക്ഷണ കാമറയുമില്ല്ല. രാത്രികാല പൊലീസ് പട്രോളിംഗ് എങ്കിലും വേണമെന്ന് ആവശ്യമുയർന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
കെ.എസ്.ഇ.ബിയുടെ വൈദ്യുതി പോസ്റ്റുകൾ അപകടകരമായ രീതിയിൽ പുല്ലാട് -മാരമൺ റോഡിന് സമീപം ഇട്ടിട്ടുണ്ട്. പോസ്റ്റുകൾ ഉടൻ മാറ്റുമെന്ന് അധികൃതർ പറഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. എം.സി റോഡിൽ തിരുവല്ലയിൽ നിന്ന് ജില്ലാ ആസ്ഥാനത്തേക്കുള്ള പ്രധാന പാതയായ ടി.കെ റാേഡിലെ അപകടമേഖലയിൽ അഞ്ച് സ്കൂളുകളുണ്ട്. പൊലീസ് പരിശോധന ഇല്ലാത്തതിനാൽ സമയക്രമം പാലിക്കാതെ ടിപ്പർ ലോറികൾ പായുകയാണ്.