വള്ളിക്കോട്: കുതിച്ചുയരുന്ന രാസവള വിലയും ജോലിക്കൂലിയും നെൽകർഷകരെ വലയ്ക്കുന്നു. മഴയും വേനലും മൂലമുള്ള പ്രതിസന്ധിക്ക് പുറമേയാണിത്. കൃഷി വകുപ്പിന്റെ നഷ്ടപരിഹാരം നാമമാത്രമാണ്.
നെൽകൃഷിക്ക് ഉപയോഗിക്കുന്ന രാസവളങ്ങളുടെ വില അനുദിനം കുതിച്ചുയരുകയാണ്. കഴിഞ്ഞ സീസണിൽ 950 രൂപയായിരുന്ന ഒരു ചാക്ക് ഫാക്ടംപോസിന്റെ വില 1400 ആയി വർദ്ധിച്ചു. 850 രൂപയായിരുന്ന പൊട്ടാഷിന് 1700 രൂപയായി. ഈ രണ്ട് വളങ്ങളാണ് നെൽകൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. യൂറിയയ്ക്ക് മാത്രമാണ് വില വർദ്ധിക്കാത്തത്. പാടത്ത് എക്കൽ കൂടുതലായതിനാൽ യൂറിയയുടെ ഉപയോഗം കുറവാണ്. കളനാശിനികൾ ഉൾപ്പടെയുള്ള അനുബന്ധ സാധനങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ട് മുമ്പ് നിശ്ചയിച്ച കൈകാര്യ ചെലവാണ് ഇപ്പോഴും കർഷകർക്ക് ലഭിക്കുന്നത്. 20 വർഷം മുമ്പ് 2001-2002 ലാണ് ജില്ലയിൽ നെല്ല് സംഭരണം തുടങ്ങിയത്. അന്ന് ഒരു ക്വിന്റൽ നെല്ല് ചാക്കിലാക്കി വാഹനത്തിൽ കയറ്റുന്നതിന് കൈകാര്യ ചെലവ് എന്ന പേരിൽ 12 രൂപ കർഷകർക്ക് നൽകിയിരുന്നു. ചുമട്ടു തൊഴിലാളികൾക്കും ഇതേ തുക ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു ക്വിന്റൽ നെല്ല് ലോറിയിൽ കയറ്റുന്നതിന് 250 രൂപയാണ് കൂലി. ദൂരത്തിന് അനുസരിച്ച് ചുമട്ടുകൂലിയും കൂടും. സർക്കാർ നൽകുന്ന കൈകാര്യ ചെലവ് ഇപ്പോഴും പന്ത്രണ്ട് രൂപ മാത്രമാണ്.
ഐ.ആർ.സിയുടെ സേവനമില്ല
പത്തനംതിട്ട,ആലപ്പുഴ, കോട്ടയം ജില്ലകളിലെ നെൽകൃഷിയുമായി ബന്ധപ്പെട്ട സേവന, വേതന കാര്യങ്ങൾ തീരുമാനിക്കേണ്ട ഐ.ആർ.സി കമ്മിറ്റിയുടെ സേവനം വള്ളിക്കോട്ട്
ലഭ്യമാകുന്നില്ല. തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയാണ് ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി (ഐ.ആർ.സി) കുട്ടനാടാണ് കമ്മിറ്റിയുടെ ആസ്ഥാനം. ഇതിന്റെ പ്രവർത്തനം പ്രഹസനമായതോടെ പാടത്തിറങ്ങുന്നതൊഴിലാളികൾ തോന്നുന്ന രീതിയിലാണ് കൂലി ഈടാക്കുന്നത്.
പദ്ധതി വിഹിതമില്ല
വിവിധ പദ്ധതികൾ വഴി കർഷകർക്ക് ലഭിക്കേണ്ടിരുന്ന സാമ്പത്തിക സഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു. ആർ.കെ. വി.വൈ, സുസ്ഥിര നെൽകൃഷി വികസനം പദ്ധതികൾ വഴി ഹെക്ടറിന് 5500 രൂപയും ഉല്പാദന ബോണസായി 1000 രൂപയും കർഷകർക്ക് ലഭിക്കണമെന്നും ആവശ്യമുണ്ട്. ഭൂരിഭാഗം ആളുകൾക്കും ഈ പ്രയോജനം ലഭിച്ചിട്ടില്ലത്രേ.