ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന പ്രദേശങ്ങളിലൊന്ന് വള്ളിക്കോട് പഞ്ചായത്താണ്. മികച്ച വിളവെടുപ്പിലൂടെ വീട്ടിലെ പത്തായവും കർഷകന്റെ കീശയും നിറഞ്ഞ കാലം ഇപ്പോൾ പഴങ്കഥയായി. ക്രമംതെറ്റിയ കാലാവസ്ഥ നെൽകൃഷിയുടെ താളവും തെറ്രിച്ചു. പ്രതീക്ഷകൾ തകർക്കുകയാണ് ഒാരോ വിളവെടുപ്പും. വള്ളിക്കോട്ടെ നെൽകൃഷിയുടെ പ്രതിസന്ധികളെക്കുറിച്ചുള്ള പരമ്പര ഇന്നുമുതൽ

വള്ളിക്കോട് : വള്ളിക്കോട്ടെ നെൽകർഷകർക്ക് ഇരുട്ടടിയാവുകയാണ് മഴ.വിതച്ചതെല്ലാം വീണ്ടും ഒലിച്ചുപോയി. ഒരു വർഷത്തിനിടെ അഞ്ച് വെള്ളപ്പൊക്കങ്ങളാണ് ഇവിടുത്തെ നെൽകൃഷി നശിപ്പിച്ചത്. ഇടവപ്പാതിമാറി കാലാവസ്ഥ അനുകൂലമായതോടെ ഇത്തവണയെങ്കിലും നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക‌ഷകർ . ആഴ്ചകൾക്ക് മുമ്പ് പത്തേക്കർ സ്ഥലത്താണ് വിതച്ചത്. പക്ഷേ മഴ ചതിച്ചു.

15 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ 9 വലിയ പാടശേഖരങ്ങളുണ്ട്. സപ്ളൈക്കോയുടെ പ്രധാന നെല്ല് ശേഖരണ സ്ഥലം കൂടിയാണ് ഇവിടം.

500 ഏക്കറോളം പാടശേഖരങ്ങളുണ്ട്. വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ ഏലാ തുടങ്ങിയവയാണ് ഇവയിൽ പ്രധാനം. നഷ്ടം മൂലം പലരും കൃഷിയിൽ നിന്ന് പിൻമാറുകയാണ്.

മുൻ വർഷങ്ങളിൽ മെച്ചപ്പെട്ട വിളവ് ലഭിച്ചതിന്റെ ആഹ്‌ളാദത്തിൽ കർഷകർ കഴിഞ്ഞ സെപ്തംബറിൽ പാടങ്ങൾ ഒരുക്കിയെടുത്തിരുന്നു. കാളകളെ ഇറക്കിയാണ് ഉഴുതത്. കൃഷിഭവനിൽ നിന്ന് നൽകിയ ഉമ വിത്താണ് വിതച്ചത്. ഒക്ടോബറിൽ വിത നടത്തി . ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴയും വെള്ളപ്പൊക്കവുമായി. വെള്ളം കയറി വിത പൂർണമായി നഷ്ടപ്പെട്ടു.

ട്രാക്ടറുകളും ട്രില്ലറും ഉപയോഗിച്ച് പാടശേഖരങ്ങൾ പരുവപ്പെടുത്തി വീണ്ടും വിതച്ചങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ മഴയും വെള്ളപ്പൊക്കവുമുണ്ടായി. നെൽച്ചെടികൾ നഷ്ടമായി. ഇതിനു മുമ്പ് ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ഒരു വിത നടത്തിയവരുണ്ട്. അവർക്കും നഷ്ടം സംഭവിച്ചു. മഴ മാറി മാനം തെളിഞ്ഞതോടെ വില കൊടുത്തുവാങ്ങിയ നെൽവിത്തുകൾ വീണ്ടും വിതച്ചെങ്കിലും ജല ദൗർലഭ്യത്താൽ കരിഞ്ഞുണങ്ങി. വെള്ളം എത്തിച്ച് നെൽച്ചെടികൾ സംരക്ഷിച്ചെങ്കിലും വിളവെടുക്കാറായപ്പോൾ വീണ്ടും മഴ വില്ലനായി. ട്രില്ലറുകളുടെ സഹായത്തോടെ പാടങ്ങൾ ഒരുക്കിയെടുത്ത് വിളവ് കാലം കുറഞ്ഞ നെൽവിത്ത് വീണ്ടും വിതച്ചെങ്കിലും ഇപ്പോൾ അതും മഴ കവർന്നു. കാലംതെറ്റിയുള്ള കാലാവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് കർഷകർ.

500 ഏക്കറിലായി 9 വലിയ പാടശേഖരങ്ങൾ