തിരുവല്ല: കലുങ്ക് നിർമ്മാണത്തിനായി ടി.കെ.റോഡ് അടച്ചത് യാത്രക്കാർക്ക് ദുരിതമായി. ഒരുമാസം കൊണ്ട് പൂർത്തിയാക്കേണ്ട നിർമ്മാണം മഴ തുടരുന്നതിനാൽ പകുതിപോലും പൂർത്തിയായിട്ടില്ല. വൈ.എം.സി.എ ജംഗ്ഷനു സമീപം ഓടകളിൽ മാലിന്യം നിറഞ്ഞു ഒഴുക്ക് തടസപ്പെട്ടതോടെ ദുർഗന്ധവും വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്‍നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനെതിരെ വ്യാപാരികളും സംഘടനകളും കൗൺസിലർമാരും രംഗത്തെത്തിയതോടെയാണ് ഇവിടെ കലുങ്ക് നിർമ്മിക്കാൻ നടപടി തുടങ്ങിയത്. മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും കലുങ്ക് നിർമ്മാണത്തിനും ഓട നവീകരണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞമാസം 18ന് കലുങ്ക് നിർമ്മാണം തുടങ്ങി. 21മുതൽ ഈ റോഡിലൂടെ ഗതാഗതം നിരോധിക്കുകയും ചെയ്തു. റോഡിനു കുറുകെ മൂന്ന് മീറ്ററോളം വീതിയിൽ കുഴിയെടുത്തു. ഇതിനിടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി. ഇത് താൽക്കാലികമായി പരിഹരിച്ചു. നിരവധി കേബിളുകൾ ഇതുവഴി കടന്നുപോകുന്നതും പണികൾ വൈകിപ്പിച്ചു. മഴയും തുടങ്ങിയതോടെ കലുങ്കിനെടുത്ത കുഴിയിൽ വെള്ളം നിറഞ്ഞു. രണ്ട് മോട്ടോറിന്റെ സഹായത്തോടെ വെള്ളം വറ്റിച്ച് കഴിഞ്ഞദിവസം അടിത്തട്ട് കോൺക്രീറ്റ് ചെയ്തു. മുകളിലേക്കുള്ള പണികൾ ബാക്കിയാണ്. ഇരുവശത്തും കോൺക്രീറ്റ് ചെയ്ത് ഒന്നരമീറ്ററിൽ ഓട നിർമ്മിക്കണം. തുടർന്ന് രണ്ടരമീറ്റർ നീളത്തിൽ സ്ലാബിട്ട് മൂടണം. കാലാവസ്ഥ അനുകൂലമായാൽ നിർമ്മാണം വേഗത്തിലാകുമെന്നാണ് അധികൃതർ പറയുന്നത്.

ഗതാഗതക്കുരുക്കും അനധികൃത പാർക്കിംഗും
വൈ.എം.സി.എ ജംഗ്ഷനോടു ചേർന്ന് ടി.കെ.റോഡ് അടച്ചതോടെ ബൈപാസ്, ടി.കെ.റോഡ്, ബി വൺ ബി വൺ റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഗതാഗതം നിരോധിച്ചിരുന്ന ഭാഗത്ത് റോഡിൽ വാഹന പാർക്കിംഗ് വർദ്ധിച്ചിട്ടുണ്ട്. ഗതാഗതം തടസപ്പെട്ടതും വാഹന പാർക്കിംഗും ഇവിടുത്തെ കച്ചവട സ്ഥാപനങ്ങങ്ങളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഓട നവീകരണത്തിനിടയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ശുദ്ധജല വിതരണം തടസപ്പെട്ടിരുന്നു. താൽക്കാലിക സംവിധാനം ഒരുക്കിയാണ് ഇപ്പോൾ ജലവിതരണം നടക്കുന്നത്. ഓടയ്ക്കു പുറത്തുകൂടി പുതിയ പൈപ്പ് സ്ഥാപിക്കേണ്ട ജോലികളും ബാക്കിയാണ്.