വള്ളിക്കോട് : പാലം പണിതതിലെ പാളിച്ച മൂലം പാടത്ത് മട വീഴുമെന്ന ആശങ്കയിലാണ് കർഷകർ. വലിയ തോടിന് കുറുകെയുള്ള ചെമ്പത, നരിക്കുഴി പാലങ്ങളാണ് മഴയുള്ളപ്പോൾ കർഷകരുടെ ഉറക്കംകെടുത്തുന്നത്. തോട്ടിലേക്ക് ഇറക്കി സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നതിനാൽ ശക്തമായി മഴ ചെയ്യുമ്പോൾ ഇവിടെ വെള്ളം കെട്ടിനിന്ന് മട വീഴാനും പാടത്തേക്ക് വെള്ളം കയറാനും സാദ്ധ്യതയുണ്ട്. ഇതുമൂലം ചെമ്പത, നരിക്കുഴി ഏലായിലെ നെൽകൃഷി ഭാഗികമായി നിറുത്തിവച്ചിരിക്കുകയാണ്. പാലം നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പാടശേഖര സമിതികളും ഗ്രാമപഞ്ചായത്തും പൊതുമരാമത്ത്, ഇറിഗേഷൻ, കൃഷി വകുപ്പ് അധികൃതർക്ക് പരാതികൾ നൽകി

യെങ്കിലും നടപടിയില്ല.

പാടങ്ങളിൽ ജലലഭ്യത ഉറപ്പാക്കാൻ സ്ഥാപിച്ചിട്ടുള്ള ഭൂരിഭാഗം മടകളും ബലക്ഷയം നേരിടുന്നവയാണ്. എല്ലാ പാടങ്ങളിലേക്കും വെള്ളം ലഭ്യമാകുന്ന രീതിയിൽ പ്രധാന തോടുകളിലാണ് കൂടുതൽ മടകളും . തെങ്ങും കമുകും വാഴപ്പിണ്ടിയും ഓലയും ഈറയും കച്ചിയും ചെളിയും ഉപയോഗിച്ചാണ് മടകൾ നിർമ്മിച്ചിരിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ ശേഷം ഇവ ബലപ്പെടുത്താമെന്നാണ് മിക്ക പാടശേഖര സമിതികളും തീരുമാനിച്ചിരുന്നത്. മഴ കനത്തതോടെ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ സമയങ്ങളിൽ വലിയ തോടുകൾ ഉൾപ്പടെ പെട്ടെന്ന് നിറയുകയും കൈത്തോടുകൾ നിരന്ന് ഒഴുകുകയും ചെയ്യുന്നുണ്ട്.

തുടരുന്ന നാശനഷ്ടം

കൊയ്യാൻ പാകമായ ഏക്കറ് കണക്കിന് പാടശേഖരങ്ങളിലെ നെൽകൃഷി നേരത്തെ മട വീണ് നശിച്ചിട്ടുണ്ട്. ചെമ്പത പ്രദേശത്ത് പതിനഞ്ച് ഏക്കറോളം ഭാഗത്തെ കൃഷിയാണ് കഴിഞ്ഞ തവണ വെള്ളത്തിലായത്. നരിക്കുഴി പ്രദേശത്ത് കൊയ്ത്ത് ആരംഭിച്ച ശേഷം രണ്ട് ദിവസം തുടർച്ചയായി മഴ പെയ്തപ്പോൾത്തന്നെ വെളളം കയറി. ഇതോടെ കൊയ്ത്ത്, മെതി യന്ത്രങ്ങൾ ചേറിൽ താഴ്ന്നുപോവുകയും പണികൾ മുടങ്ങുകയും ചെയ്തിരുന്നു . തലച്ചേമ്പ് ഏലായിൽ കൊയ്ത്ത് കഴിഞ്ഞ് യന്ത്ര സഹായത്തോടെ കെട്ടിയ കച്ചി , വെള്ളത്തിൽ കിടന്ന് നശിച്ച അവസ്ഥയുമുണ്ട്. മഴമാറി മാനം തെളിഞ്ഞാൽ പെയ്ത്തുനീർ ഇറങ്ങുമെങ്കിലും മടവീഴ്ച ഭീഷണി ആശങ്കയായി തുടരുകയാണ്.