മല്ലപ്പള്ളി : ടൗണിലെ സീബ്രാലൈൻ മാഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് പരാതി. ഇതു കാരണം കാൽ നടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കുട്ടികൾ അടക്കമുള്ളവർ റോഡ് ക്രോസ് ചെയ്യാൻ പാടുപെടുകയാണ്.വലുതും ചെറുതുമായ വാഹനങ്ങളുടെ മത്സരപ്പാച്ചിൽ കൂടിയതാണ് കാൽനട യാത്ര ദുരിതത്തിലും അപകടഭീതിയിലാക്കുന്നത്. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ നിന്നും പഞ്ചായത്ത് ബസ് സ്റ്റാൻഡിലേയ്ക്ക് ഇറങ്ങുന്ന പടിക്കെട്ടുകൾക്കു സമീപത്തേയും സെൻട്രൽ ജംഗ്ഷനിലേയും സീബ്രാ ലൈനുകളാണ് പൂർണമായും മാഞ്ഞത്. യാത്രക്കാർ റോഡു മുറിച്ചു കടക്കുമ്പോൾ ഡ്രൈവർമാർ വാഹനം നിറുത്താറില്ല. സീബ്രാലൈൻ മാഞ്ഞതു മൂലം ഡ്രൈവർമാർക്ക് കാണാൻ കഴിയത്തതാണ് കാരണമായി പറയുന്നത്. വാഹനങ്ങൾ തുടർച്ചയായി നിറുത്താതെ പോകുന്നതിനാൽ യാത്രക്കാർക്ക് റോഡു മുറിച്ചു കടക്കാൻ ഏറെനേരം കാത്തു നിൽക്കേണ്ടി വരുന്നു. കോളേജ് - സ്കൂൾ വിദ്യാർത്ഥികളും അപകടഭീതിയിലാണ് റോഡ് മുറിച്ച് കടക്കുന്നത്. സംസ്ഥാനപാതയിൽ ടൗണിനും സമീപത്തും ഒഴികെ മറ്റിടങ്ങളിൽ അടുത്തിടെ സീബ്രാലൈനുകൾ തെളിച്ചിരുന്നു.
അനധികൃത പാർക്കിംഗ്, ഗതാഗതക്കുരുക്കും രൂക്ഷം
നടപ്പാത കൈയേറിയുള്ള വാഹന പാർക്കിംഗാണ് ടൗണിൽ പ്രധാനമായും വെല്ലുവിളിയാകുന്ന മറ്റൊരു പ്രശ്നം. കോട്ടയം ,തിരുവല്ല റോഡുകളിലാണ് അനധികൃത പാർക്കിംഗ് ഏറെയും കാൽനടക്കാർ റോഡിലേയ്ക്ക് ഇറങ്ങിയാണ് ഈ ഭാഗങ്ങളിൽ കൂടിസഞ്ചരിക്കുന്നത്. ഇത് അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് പ്രധാന പാതയിലൂടെ പായുന്നത്.അപകട മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. സിഗ്നൽ ലൈറ്റുകൾ തകരാറിലായതിനാൽ വാഹനങ്ങൾ വൺവേ തെറ്റിച്ചുള്ള യാത്രയും അപകടത്തിന് കാരണമാകുന്നു. സ്ഥലപരിചയം ഇല്ലാത്തവരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. അപകടംനടന്ന് ജീവനുകൾ പൊലിയുന്നതിന് മുമ്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയുടെ നാട്ടുകാരുടെയും ആവശ്യം.