പത്തനംതിട്ട: ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ രണ്ടുപേരെ പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു. കൈപ്പട്ടൂർ പുല്ലാഞ്ഞിയിൽ പുതുപറമ്പിൽ വീട്ടിൽ സിബു ബാബു (36 ), കടമ്മനിട്ട കിഴക്കുംകര വീട്ടിൽ മാത്തുക്കുട്ടി (57)എന്നിവരാണ് പിടിയിലായത്. പത്തനംതിട്ടയിലെ ബാറിനു മുന്നിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടന്ന കൈപ്പട്ടൂർ സ്വദേശിയായ യുവാവിന്റെ വിരലിലെ വിവാഹമോതിരം സിബുബാബുവും മറ്റൊരാളും ചേർന്ന് കഴിഞ്ഞദിവസം മോഷ്ടിച്ചിരുന്നു. സിബുബാബുവിനെ അറസ്റ്റ് ചെയ്ത് കടയിൽ നിന്ന് മോതിരം കണ്ടെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതോടെയാണ് മാത്തുക്കുട്ടിയുമായി ചേർന്ന് മഞ്ഞനിക്കരയിലും അഞ്ചക്കാലായാലും രാത്രി കാലങ്ങളിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും വീട്ടുപകരണങ്ങളും മോഷ്ടിച്ചതായി തെളിഞ്ഞത്. മഞ്ഞനിക്കരയിൽ കഴിഞ്ഞവർഷം ജൂലായിൽ , അടച്ചിട്ട വീടിന്റെ പ്രധാന വാതിൽ പൊളിച്ച് അകത്തുകടന്ന് മൈക്രോവേവ് ഓവനും കുളിമുറിയിലെ ഫിറ്റിങ്ങുകളും ഉൾപ്പെടെ 90,000 രൂപയുടെ ഉപകരണങ്ങൾ പ്രതികൾ മോഷ്ടിച്ചിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈ. എസ്. പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ സി.എെ ജിബു ജോൺ, എസ്.എെമാരായ രതീഷ് കുമാർ, അനൂപ് ചന്ദ്രൻ, ജോൺസൺ, എ.എസ്.ഐ സവിരാജൻ, എസ്.സി.പി ഓമാരായ ശിവസുതൻ, സജിൻ പ്രവീൺ, മണിലാൽ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.