perunad

റാന്നി: പെരുനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ രാത്രി ചികിത്സയില്ലാതെ ദുരിതത്തിൽ. ഈ മേഖലയിലുള്ളവർക്ക് രാത്രിയിൽ ചികിത്സവേണ്ടിവന്നാൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് മറ്റെവിടെയെങ്കിലും എത്തേണ്ട സ്ഥിതിയാണ്. അപകടങ്ങളോ മറ്റോ ഉണ്ടായാൽ റാന്നി താലൂക്ക് ആശുപത്രിയിലോ പത്തനംതിട്ട ജനറൽ ആശുപത്രിയിലോ എത്തണം.പെരുനാട് -ളാഹ, മാമ്പാറ, മുക്കം അടിച്ചിപ്പുഴ, കുടമുരുട്ടി, കൊച്ചുകുളം,കടുമീൻചിറ,എന്നീ പ്രദേശങ്ങളിലെ പ്രദേശങ്ങളിലെ ജനങ്ങളാണ് ഏറെയും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മുമ്പ് ശബരിമല തീർത്ഥാടനകാലത്ത് മാത്രം ഇവിടെ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ഉറച്ചു കാലമായി തീർത്ഥാടന സമയത്തുപോലും രാത്രിയിൽ യാതൊരു വിധ സജ്ജീകരണവും ഒരുക്കുന്നില്ല. കർഷകരും കർഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും പട്ടികജാതി പട്ടികവർഗ വിഭാഗക്കാരും ഏറെ ആശ്രയിക്കുന്ന ആശുപത്രിയാണ് പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ.എന്നാൽ ഇപ്പോൾ ഇവിടെ കിടത്തി ചികിത്സ ഇല്ലാത്തതുമൂലം അടിയന്തര സാഹചര്യങ്ങളിൽ 20 മുതൽ 30കിലോമീറ്റർ വരെ സഞ്ചരിച്ച് പത്തനംതിട്ടയിലോ റാന്നിയിലോ രോഗികളെയും കൊണ്ട് പോകുന്നത് പലപ്പോഴും ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാവാറുണ്ട്.

ആരോഗ്യമന്ത്രി ഇടപെടണം

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ മന്ത്രി വീണാ ജോർജിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും നടപടികളൊന്നുമായിട്ടില്ല. ജില്ലയിൽ നിന്നു തന്നെയുള്ള മന്ത്രി എന്ന നിലയിൽ ആരോഗ്യ മന്ത്രി നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്. മഴ ശക്തി പ്രാപിച്ചതോടെ മേഖലയിൽ വ്യാപകമായി പനി പടരുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയിൽ മാറ്റം ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.