തിരുവല്ല: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ രവീൺ കെ.മനോഹരനെ ബി.ജെ.പി തിരുവല്ല മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ബി.ജെ.പി ദേശീയ കൗൺസിലംഗം കെ.ആർ.പ്രതാപചന്ദ്ര വർമ്മ പൊന്നാടയണിയിച്ചു. പഞ്ചായത്തിലെ ആദ്യ സിവിൽ സർവീസ് ജേതാവായ രവീൺ നാടിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി മണ്ഡലം ജനറൽസെക്രട്ടറി ജയൻ ജനാർദ്ദനൻ, പഞ്ചായത്ത് പ്രസിഡന്റ് മനോജ് വെട്ടിക്കൽ,കർഷകമോർച്ച മണ്ഡലം മുൻവൈസ് പ്രസിഡന്റ് വേണുഗോപാൽ, പ്രശാന്ത്,ബിജു,മോഹനൻ എന്നിവർ പ്രസംഗിച്ചു.പെരിങ്ങര സ്വദേശിയും ബി.ടെക് ബിരുദധാരിയുമായ രവീൺ അടുത്തമാസം മസൂറിയിൽ ആരംഭിക്കുന്ന പരിശീലന ക്യാമ്പിൽ പോകുവാനുള്ള തയ്യാറെടുപ്പിലാണ്. മേപ്രാൽ കണ്ണംപടവിൽ റിട്ട.ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥൻ കെ.കെ.മനോഹരന്റെയും ഡി.ഇ.ഒ പി.ആർ.പ്രസീനയുടെയും മകനാണ്.