പത്തനംതിട്ട: വിനോദയാത്രയ്ക്ക് പുറപ്പെടും മുൻപ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച് വിവാദത്തിലായ 'കൊമ്പൻ ' ബസുകൾ ഓടിയത് നിയമം ലംഘിച്ചെന്ന് കണ്ടെത്തി. ബസുകളിൽ ജി.പി.എസ് സംവിധാനവും സ്പീഡ് ഗവർണറും ഘടിപ്പിച്ചിട്ടില്ല. നിയമവിരുദ്ധമായി കറുത്ത ഗ്ളാസ് ഒട്ടിച്ചിട്ടുണ്ട്. പരിധിയിലധികം ശബ്ദത്തിലുള്ളതും നിശ്ചിത എണ്ണത്തിൽ അധികവുമായി സ്പീക്കറുകളുണ്ട്. അനാവശ്യവും അപകടകരവുമായ നിലയിലാണ് ബസുകളിലെ പ്രകാശ വിന്യാസം. പത്തനംതിട്ട ആർ.ടി.ഒ എ.കെ. ദിലുവിന്റെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ബസിൽ നിയമപരമായി നടത്തേണ്ട സാങ്കേതിക മാറ്റങ്ങൾ വൈകിട്ട് നാലിന് മുൻപ് പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ടെക്നീഷ്യൻമാർ കൂടുതൽ സമയം ചോദിച്ചതിനാൽ അന്തിമ പരിശോധന ഇന്നത്തേക്ക് മാറ്റി. നിയമ ലംഘനങ്ങൾ പൂർണമായി ഒഴിവാക്കിയില്ലെങ്കിൽ ഇന്ന് ശക്തമായ നടപടിയെടുക്കുമെന്ന് ആർ.ടി.ഒ ദിലു പറഞ്ഞു.ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.ബസുകൾ കുളനട സ്വദേശിയുടെ ഉടമസ്ഥതയിലായതിനാലാണ് കൂടുതൽ പരിശോധനയ്ക്ക് പത്തനംതിട്ടയിലെത്തിച്ചത്.
കഴിഞ്ഞയാഴ്ച കൊല്ലം പെരുമൺ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ നടത്തിയ വിനോദയാത്രയ്ക്ക് മുന്നോടിയായാണ് രണ്ട് ബസുകൾക്കു മുകളിൽ പൂത്തിരി കത്തിച്ചത്. ബസിനുള്ളിലേക്ക് പടർന്ന തീ ജീവനക്കാർ കെടുത്തുകയായിരുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസുകൾ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പെരുമണിൽ വിദ്യാർത്ഥികളെ ഇറക്കിയ ശേഷം കൊല്ലം ആർ.ടി.ഒയ്ക്ക് മുന്നിൽ ഹാജരാക്കി. അവിടെ നടത്തിയ പരിശോധനയിലും നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. പൂത്തിരി കത്തിക്കാൻ ബസിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്തിയിരുന്നു.