കോട്ടയം : ബി.സി.എം കോളേജ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ അതീവഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. പന്തളം ഐരാണിക്കുഴി ദേവിക നിവാസിൽ മുരളിയുടെ മകളും കോട്ടയം ബി.സി.എം കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനിയുമായ ദേവിക മുരളി (21) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. വീഴ്ചയിൽ വലത് കാലും, കൈയ്യും ഒടിഞ്ഞു. വാരിയെല്ല് തകർന്ന് ശ്വാസകോശത്തിനുള്ളിൽ കയറി. ഇടുപ്പെല്ലിനും, നെഞ്ചിനും ക്ഷതമേറ്റു. ഉപരിപഠനത്തിന് സയൻസ് വിഷയം കിട്ടാതിരുന്നതിൽ മനോവിഷമം അനുഭവിച്ചിരുന്നുവെന്നും ഇതിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുമെന്നുമാണ് വിദ്യാർത്ഥിനി മൊഴി നൽകിയിരിക്കുന്നതെന്ന് കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ പറഞ്ഞു. പ്ലസ്ടു പഠന കാലത്തും ആത്മഹത്യാശ്രമം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.