
മല്ലപ്പള്ളി : കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല കോട്ടാങ്ങൽ കണയങ്കൽ വീട്ടിൽ ടിജിൻ ജോസഫിന്റെ പൊതുപ്രവർത്തനം. നാട്ടിൽ എവിടെ പെരുമ്പാമ്പിനെ കണ്ടാലും ആദ്യം വിളിയെത്തുക ടിജിനാണ്. കഴിഞ്ഞ ദിവസമാണ് കോട്ടാങ്ങൽ മുരുത്തോമ്പാറ ബിജുവിന്റെ വീടിനു പരിസരത്തു നിന്ന് 9 അടിയിലധികം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ആറ് പെരുമ്പാമ്പിനെ പിടികൂടാനായി. പാമ്പു പിടിത്തം തുടർച്ചയായപ്പോൾ വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ടിജിന് പരിശീലനം നല്കുന്നതിനും ലൈസൻസ് നല്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പിടികൂടുന്ന പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഉൾവനത്തിൽ തുറന്നുവിട്ടുകയാണ് പതിവ്.
നാട്ടുകാരുടെ സ്നേഹിതൻ
കഴിഞ്ഞ കൊവിഡ് കാലത്ത് രോഗികളുടെ രക്ഷകനായിരുന്നു ടിജിൻ. ആംബുലൻസുകൾ ലഭ്യമല്ലാതിരുന്ന സമയത്ത് സ്വന്തം വാഹനത്തിൽ സുരക്ഷയെപ്പോലും വകവയ്ക്കാതെ കോട്ടാങ്ങൽ,വെള്ളാവൂർ പ്രദേശങ്ങളിലെ 2000ൽ അധികം കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാനും അവരെ തിരികെ എത്തിക്കാനും ഇയാൾ മുൻകൈയെടുത്തിരുന്നു. സേവാഭാരതിയുമായി സഹകരിച്ച് നാലോളം കൊവിഡ് ബാധിതരുടെ സംസ്കാരവും ടിജിൻ നടത്തി. ബി.ജെ.പി ന്യൂനപക്ഷ മോർച്ച കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റാണ്.
പിടിച്ച എല്ലാ പാമ്പുകളേയും നടപടിക്രമങ്ങൾ പൂർത്തിയാക്കി വനപാലകരെ ഏല്പിക്കും. അവർ ഇവയെ സുരക്ഷിതമായി വനാന്തർഭാഗത്ത് തുറന്നുവിടും
(ടിജിൻ ജോസഫ്)