
പത്തനംതിട്ട : നൂൽപ്പാലത്തിൽ യാത്ര ചെയ്യുന്ന പോലെയാണ് അബാൻ മേൽപ്പാലം പണി നടക്കുന്ന റോഡിലൂടെയുള്ള സഞ്ചാരം. കാലൊന്ന് തെറ്റിയാലോ വാഹനമൊന്ന് പാളിയാലോ ചെളിവെള്ളത്തിൽപ്പെടും.
ഒരു വശത്ത് പൈലിംഗ് ജോലികൾ പുരോഗമിക്കുമ്പോൾ വഴി നടക്കാനാകാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. ബസ് സ്റ്റാൻഡ് പരിസരമായതിനാൽ നിരവധിയാളുകൾ ദിനവും കടന്ന് പോകുന്ന റോഡാണിത്. പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് ബസ് ഇറങ്ങിവരുന്ന ഭാഗത്തൂടെയാണ് വാഹനങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്നത്.
നഗരസഭാ ബസ് സ്റ്റാൻഡിന്റെ ഓപ്പൺ സ്റ്റേജിന് മുമ്പിലാണ് പൈലിംഗ് ജോലികൾ നടക്കുന്നത്. സ്വകാര്യ ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗം ഒഴിവാക്കിയാണ് റോഡ് നിർമ്മാണം. ഇരുചക്ര വാഹനങ്ങളടക്കമുള്ളവ പൈലിംഗ് ജോലി നടക്കുന്ന റോഡിന്റെ വശത്ത് കൂടി തന്നെയാണ് ഇപ്പോഴും സഞ്ചരിക്കുന്നത്. ഇവിടെ രണ്ട് വാഹനങ്ങൾ ഒരുമിച്ചെത്തിയാൽ കടന്ന് പോകാൻ കഴിയില്ല.