പന്തളം: പന്തളം നഗരസഭയിൽ അന്തിമ വാർഷിക പദ്ധതി നടപ്പിലാക്കാൻ വിളിച്ചുചേർത്ത അടിയന്തര കൗൺസിൽ, പ്രതിഷേധവുമായി ഭരണപക്ഷത്തെ ഒരു വിഭാഗം രംഗത്തുവന്നതോടെ നടന്നില്ല. സെക്രട്ടറിയെ ഉപരോധിച്ചായിരുന്നു പ്രതിഷേധം. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അന്തിമ തീരുമാനം ഉണ്ടായതിന് ശേഷമേ ജനറൽ കമ്മിറ്റിയിൽ തീരുമാനമെടുക്കാവു എന്ന് ആവശ്യപ്പെട്ടാണ് ഭരണപക്ഷമായ ബി.ജെ.പിയിലെ ഒരു വിഭാഗം കൗൺസിലർമാർ നഗരസഭാ സെക്രട്ടറി എ.എം. മുംതാസിനെ ഇന്നലെ രാവിലെ 11 മണിയോടെ ഉപരോധിച്ചത്.
ഭരണപക്ഷത്തെയും, പ്രതിപക്ഷത്തെയും അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പങ്കെടുത്തെങ്കിലും ഉപരോധം മൂലം യോഗം നടന്നില്ല. ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ കെ.വി.പ്രഭ, മറ്റ് കൗൺസിലർമാരായ സൂര്യ എസ്.നായർ, ആർ.ശ്രീലേഖ, കിഷോർ കുമാർ, മഞ്ജുഷ സുമേഷ്, അച്ചൻകുഞ്ഞ് ജോൺ, ജെ. കോമളവല്ലി എന്നിവരാണ് സെക്രട്ടറിയെ ഉപരോധിച്ചത്.
പ്രതിഷേധവുമായി പ്രതിപക്ഷം
ഭരണകക്ഷിയിലെ പ്രശ്നങ്ങൾ മൂലം ജനകീയാസൂത്രണ പദ്ധതികൾ തടസപ്പെടുത്തുന്നതിനെതിരെയും വ്യക്തിഗത ആനുകൂല്യങ്ങൾ നൽകാത്തതിനെതിരെയും എൽ.ഡി.എഫ്, യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധ യോഗം നടത്തി. യു.ഡി.എഫ് ലീഡർ കെ.ആർ വിജയകുമാർ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് ലീഡർ ലസിതാ നായർ ഉദ്ഘാടനം ചെയ്തു. ജി.രാജേഷ്കുമാർ.സക്കീർ , പന്തളം മഹേഷ് രത്നമണി സുരേന്ദ്രൻ , സുനിതാ വേണു, ശോഭനാകുമാരി , അംബികാരാജേഷ്, അജിതകുമാരി എന്നിവർ പ്രസംഗിച്ചു.
ബി.ജെ.പിയിലെ പടലപിണക്കം മൂലം നഗരസഭാ ഭരണം സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ ചെയർപേഴ്സണും ഭരണ സമിതിയും രാജിവയ്ക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ, പന്തളം മഹേഷ് , രത്നമണി സുരേന്ദ്രൻ, സുനിതാ വേണു എന്നിവർ ആവശ്യപ്പെട്ടു.
പ്രവർത്തനം സുതാര്യം: ചെയർപേഴ്സൺ
നഗരസഭയിൽ അടിയന്തര കൗൺസിൽ വിളിച്ചുചേർക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് താനാണന്ന് ചെയർപേഴ്സൺ സുശീലാ സന്തോഷ് പറഞ്ഞു. ഭരണപക്ഷത്തെ ചില കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചത് പ്രതിഷേധാർഹമാണ്. കഴിഞ്ഞ മാസം 16 ന് സെമിനാർ നടത്തിയ ശേഷം സ്റ്റാൻഡിംഗ് കമ്മിറ്റികൾ കൂടി അന്തിമ പദ്ധതികൾ അംഗീകരിച്ചിരുന്നു.എന്നാൽ 2022-23 സംസ്ഥാന ബഡ്ജറ്റിൽ റോഡ് ഇതര ഫണ്ടും റോഡ് മെയിന്റൻസ് ഫണ്ടും 2020-21 ലെ ഫണ്ട് വച്ച് തയ്യാറാക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ടായി. തുടർന്ന് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ തല സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചിരുന്നു. അഞ്ചു കോടി 57 ലക്ഷം എന്നതുക ഇതിന്റെ അടിസ്ഥാനത്തിൽ നേർപകുതിയായി. ഇത് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് വിശദീകരിച്ചു. ലഭിച്ച ഫണ്ട് 33 അംഗങ്ങൾക്കും തുല്യമായി വീതിക്കാൻ തീരുമാനിച്ചു. ഇന്നലെ ചേരാനിരുന്ന കൗൺസിലിന് മുന്നോടിയായി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ചിരുന്നു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി വിളിച്ചെങ്കിലും നടന്നില്ല.