waste
തിരുവല്ല ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം എം.സി.റോഡിൽ മാലിന്യങ്ങൾ

തിരുവല്ല: നഗരത്തിലെ എം.സി.റോഡിൽ മാലിന്യത്തിന് മീതെ കാടുവളരുന്നു. വൃത്തിഹീനമായി കിടക്കുന്ന വഴിയോരങ്ങൾ യാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമായി. തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്താണ് റോഡരുകിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതോടെ അതിനുമേൽ കാടുവളർന്നു കയറിയത്. റോഡിന്റെ പടിഞ്ഞാറുവശത്ത് പൊതുമരാമത്ത് അധികൃതർ സ്ഥാപിച്ച ദിശാസൂചക ബോർഡിലേക്കും കാടുവളർന്നു നിൽക്കുകയാണ്. ഇതുകാരണം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയില്ല. മാലിന്യങ്ങൾ ഇവിടെ തള്ളിയിരിക്കുന്നതിനാൽ രാത്രികാലങ്ങളിൽ മദ്യക്കുപ്പികളും മറ്റും ഇവിടെ കൊണ്ടിടുന്നതും പതിവാണ്. കാടുമൂടി കിടക്കുന്ന റോഡരികിലൂടെ നടന്നുപോകാനും യാത്രക്കാർ ഭയപ്പെടുന്നു. നഗരത്തിലെ മാലിന്യങ്ങൾ നഗരസഭ വാഹനത്തിൽ ശേഖരിച്ച് കൊണ്ടുപോകാറുണ്ടെങ്കിലും ഇവിടെ നിന്നും നീക്കം ചെയ്യാറില്ല. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് യാത്രക്കാർ പറഞ്ഞു. എം.സി. റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് കട്ടകൾ പാകി വെടിപ്പാക്കിയ നടപ്പാതയിൽ പലഭാഗത്തും പുല്ലുവളർന്നു നിൽക്കുകയാണ്. പരിചരണമില്ലാത്തതിനാൽ ചിലയിടങ്ങളിൽ നടപ്പാതകൾ നശിക്കാനും കാരണമായിട്ടുണ്ട്.