റാന്നി: വീടിനുള്ളിൽ യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തിൽ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പരാതി. യുവതിയുടെ മാതാവും സഹോദരനുമാണ് റാന്നി ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയത്. നേരത്തെ നാട്ടുകാർ ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. ഐത്തല മങ്കുഴിമുക്ക് മീൻമുട്ടുപാറ ചുവന്നപ്ലാക്കൽ തടത്തിൽ സജു ചെറിയാന്റെ ഭാര്യ റിൻസ(23), മകൾ അൽഹാന അന്ന (ഒന്നര) എന്നിവരാണ് കഴിഞ്ഞ ഏപ്രിൽ നാലിന് വീടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പറയുന്നതെങ്കിലും വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത അവസ്ഥയിലായിരുന്നില്ല. പൊള്ളലേറ്റ് നിലവിളിക്കുന്ന ശബ്ദം കേട്ടില്ലെന്ന് സമീപവാസികൾ പറയുന്നു. പൊലീസിന് നൽകിയ ആത്മഹത്യാക്കുറിപ്പിൽ യുവതിയുടെ കൈയ്യക്ഷരമല്ല. ഭർത്താവിന്റെ പ്രേരണ മൂലമാണ് ജീവനൊടുക്കുന്നതെന്ന് ഇതിൽ പറയുന്നുണ്ട് പക്ഷേ ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. ആരെയും ചോദ്യംചെയ്തിട്ടുമില്ല.