പത്തനംതിട്ട : മൂഴിയാറിൽ നിന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ സ്വകാര്യ ബസ് ഡ്രൈവറെ റിമാൻഡ് ചെയ്തു. വടശേരിക്കര പെരുനാട് മാടമൺ കോട്ടൂപ്പാറ കോട്ടപ്പാറ തടത്തിൽ വീട്ടിൽ രാജന്റെ മകൻ കെ.ആർ ഷിബിൻ (32) ആണ് മൂഴിയാർ പൊലീസിന്റെ പിടിയിലായത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതി. സീതത്തോട് ആങ്ങമൂഴി സ്വദേശിനിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെയും കൊണ്ട് ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനടുത്തുള്ള ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. സുഹൃത്തിൽ നിന്ന് കടം വാങ്ങിയ 500 രൂപയുമായാണ് പ്രതി കടന്നത്. കുട്ടിയുടെ കമ്മൽ ജൂവലറിയിൽ വിറ്റ് 3500 രൂപയും വാങ്ങി. പൊലീസ് ഇൻസ്‌പെക്ടർ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിലയച്ചു. പ്രതിക്കെതിരെ തട്ടിക്കോണ്ടുപോകലിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തു. അന്വേഷണ സംഘത്തിൽഎസ്.ഐ വി.എസ് കിരൺ , സി.പി.ഓമാരായ പി.കെ ലാൽ , ബിനുലാൽ, ഷൈജു, ഷൈൻ, ഗിരീഷ്, അശ്വതി എന്നിവരും ഉണ്ടായിരുന്നു