തിരുവല്ല: തിരുവല്ല ഈസ്റ്റ് റോട്ടറി ക്ലബിന്റെ പ്രവർത്തനോദ്ഘാടനവും സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന നിർദ്ധന കുട്ടികൾക്കുള്ള പരിശീലന ചെലവ് നൽകുന്ന വാത്സല്യം പദ്ധതിയുടെ ഉദ്ഘാടനവും കോട്ടയം ജില്ലാകളക്ടർ ഡോ.പി.കെ. ജയശ്രീ നിർവഹിച്ചു. ഡിസ്ട്രിക്ട് പ്രൊജക്ടുകളായ മൂന്നുലക്ഷം പേർക്ക് കണ്ണട നൽകുന്നതും ചെവി,പല്ല്,കാത് സംബന്ധമായ പ്രശ്നങ്ങളുള്ള നിർദ്ധനകുട്ടികൾക്ക് സൗജന്യചികിത്സ നൽകുന്ന അമൃതം പ്രൊജക്ടും അംഗപരിമിതരായ കുട്ടികളുടെ വിവാഹം നടത്തുന്ന പരിണയം പ്രൊജക്ടും ക്ലബ് ഈവർഷം ഏറ്റെടുത്ത് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻഡിസ്ട്രിക്ട് ഗവർണർ കെ.എസ്.ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. അസി.ഗവർണർ ഷാജി വർഗീസ്, സണ്ണി തോമസ്,ലിജോ മത്തായി,സനൽ ജി.പണിക്കർ, മാത്യൂസ് കെ.ജേക്കബ്, കുര്യൻ ഫിലിപ്പ്, അഡ്വ.ഡി.ശ്രീകുമാർ,നന്ദകുമാര വർമ്മ,പ്രമോദ് പുന്നൂസ്,ജോബ്ജി മാത്യൂസ് എന്നിവർ പ്രസംഗിച്ചു. ഫുഡ് കോർപറേഷൻ ഒഫ് ഇൻഡ്യ മെമ്പർ രവീന്ദ്രൻ കെ.ആർ, മുൻസിപ്പൽ കൗൺസിലർ ബിന്ദു റെജി കുരുവിള എന്നിവരെ ആദരിച്ചു.