പത്തനംതിട്ട: ശബരിമല റോപ് വേ പദ്ധതിക്ക് ഏറ്രെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂഭൂമി വിട്ടുനൽകാൻ വനം, റവന്യു വകുപ്പുകൾ ധാരണയിലായി. ശബരിമല വനത്തിലെ പത്തേക്കർ ഭൂമിയാണ് ദേവസ്വം ബോർഡിന് വനംവകുപ്പ് നൽകുന്നത്. പകരം ഇടുക്കിയിലെ അടിമാലി വില്ലേജിലെ പത്തേക്കർ പുറമ്പോക്ക് ഭൂമി വനംവകുപ്പിന് കൊടുക്കും. അടിമാലിയിൽ വനമേഖലയോട് ചേർന്നുള്ള ഭൂമി അളന്ന് സ്കെച്ച് തയ്യാറാക്കാൻ റവന്യൂവകുപ്പിനെ ചുമതലപ്പെടുത്തി. ഭൂമി കൈമാറ്റം സംബന്ധിച്ച രേഖകൾ കൈമാറിയാലുടൻ റോപ് വേയുടെ നിർമ്മാണ നടപടികൾ തുടങ്ങും.
റോപ് വേ കടന്നുപോകുന്ന സ്ഥലങ്ങളിലെ സർവേ പൂർത്തിയായി. വനംവകുപ്പിന്റെ അനുമതി ഇനി വൈകില്ലെന്നാണ് ദേവസ്വം ബോർഡ് കരുതുന്നത്. പമ്പ ഹിൽടോപ്പിൽ നിന്ന് സന്നിധാനം പൊലീസ് ബാരക്ക് വരെയാണ് റോപ് വേ. 2015ൽ തയ്യാറാക്കിയ പദ്ധതി വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് തടസപ്പെട്ടിരുന്നു. പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെട്ട ശബരിമലയിലെ വനഭൂമി, നിർമ്മാണ പ്രവർത്തനങ്ങൾക്ക് നൽകാനാവില്ലെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. സംസ്ഥാന സർക്കാർ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ച് പദ്ധതിക്ക് അനുമതി നേടിയെടുക്കുകയായിരുന്നു.
സന്നിധാനത്തേക്ക് ചരക്കുകൾ എത്തിക്കുന്നതിനും അത്യാഹിതങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുമാണ് റോപ് വേ നിർമ്മിക്കുന്നത്. ഇതിനായി നൂറോളം വലിയ മരങ്ങൾ മുറിച്ചുമാറ്റണം. പത്തൊൻപത് കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കണം.
റോപ് വേ നിർമ്മിക്കുന്നതോടെ ട്രാക്ടറുകൾ ഒഴിവാകുകയും മലിനീകരണം കുറയുകയും ചെയ്യും. ചരക്കു നീക്കം വേഗത്തിലാകും.