വള്ളിക്കോട് : ഒരു കാലത്ത് വള്ളിക്കോടിന്റെ മുഖമുദ്രായായിരുന്നു നെല്ല് പോലെ തന്നെ കരിമ്പ് കൃഷിയും. ഏക്കറ് കണക്കിക്ക് സ്ഥലങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന കരിമ്പിൻപാടങ്ങൾ നിരവധി ചലച്ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലും സ്ഥാനം പിടിച്ചിരുന്നു. ആ നഷ്ട പ്രതാപം വീണ്ടെടുക്കാൻ പഞ്ചായത്തും കൃഷിഭവനും കർഷകരും ചേർന്ന് ശ്രമം നടത്തുന്നുണ്ടെങ്കിലും എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പില്ല. വള്ളിക്കോട് -വാഴമുട്ടം ഏലാകളിലെ അഞ്ച് ഏക്കർ സ്ഥലത്ത് ഇപ്പോൾ കരിമ്പിൻ കൃഷി ഇറക്കിയിട്ടുണ്ടെങ്കിലും തോരാമഴയും കടുത്ത വേനലും വന്യമൃഗ ഭീഷണിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അന്യംനിന്നുപോയ കരിമ്പ് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഹെക്ടറിന് 8000 രൂപ സബ്സിഡി നൽകുന്നുണ്ട്. ഇപ്പോൾ അത് 10000 ആയി ഉയർത്തുകയും ചെയ്തു. എന്നാൽ ഭൂരിഭാഗം കർഷകരും ഈ കൃഷിയിലേക്ക് തിരിച്ച് വരാൻ തയാറായിട്ടില്ല. മുന്നിട്ടിറങ്ങിയവർ വിളവ് ലഭിക്കില്ലെന്ന ആശങ്കിൽ പിൻമാറുന്ന അവസ്ഥയിലുമാണ്.

വള്ളിക്കോട് ശർക്കര ഇപ്പോഴും മധുരിക്കുന്ന ഓർമ്മകൾ

രാവും പകലും പ്രവർത്തിച്ചിരുന്ന 12ശർക്കര ചക്കുകളാണ് ഒരുകാലത്ത് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ നരിയാപുരത്ത് മാത്രം പേരിന് ഒരെണ്ണം അവശേഷിക്കുന്നു. വള്ളിക്കോട് എന്ന ലേബലിൽബ്രാന്റഡ് ശർക്കര വീണ്ടും വിപണിയിൽ എത്തിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വീണ്ടും ഇപ്പോൾ കൃഷി ഇറക്കിയിരിക്കുന്നത്. കരിമ്പ് കൃഷി പ്രോത്സാഹനത്തിനായി പഞ്ചായത്ത് ഫണ്ടും വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ചക്ക് മിൽ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.

കരിന്പ് കൃഷി ഇങ്ങനെ

വളരെയേറെ ശ്രദ്ധ ആവശ്യമുള്ള കൃഷിയാണ് കരിമ്പ്. നടുന്നതിനു മുമ്പ് പലവട്ടം കൃഷിയിടം ഉഴുതുമറിക്കണം. ചൂടുകാലമാകുമ്പോഴാണ് കരിമ്പ് നടുന്നത്. ഇതിന്റെ വളർച്ചയുടെ ആദ്യകാലങ്ങൾ കൂടിയ താപനില അത്യാവശ്യമാണ്. തെരഞ്ഞെടുക്കുന്ന തണ്ടുകൾ വരിയും നിരയുമായാണ് നടുന്നത്. ഒരേക്കറിൽ 12000 ത്തോളം തണ്ടുകൾ നടാം. വളർച്ചയുടെ ആദ്യകാലത്ത് കൃഷിയിടം നനക്കുകയും വളമിടുകയും കളപറിക്കുകയും വേണം. പത്തോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട്, കരിമ്പ് വെട്ടാനായി പാകമാകും. എന്നാൽ ചൂടുകാലം നോക്കി കൃഷിയിറക്കിയിട്ടും കാലംതെറ്റി വന്ന മഴ ഇവിടെ കരിമ്പിനും നാശമായി മാറിയിരിക്കുകയാണ്.

......

-കരിമ്പ് കൃഷിക്ക് സബ്സിഡി 10000 ആയി ഉയർത്തി

ഒരേക്കറിൽ 12000 തണ്ടുകൾ നടാം