signal-post
പഴയതെരുവ് ജങ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ പോസ്റ്റ് ചുവടിളകി നില്‍ക്കുന്നു

കോഴഞ്ചേരി: പൊയ്യാനില്‍ ജംഗ്ഷന് സമീപം പഴയതെരുവ് കവലയിലെ സിഗ്നല്‍ പോസ്റ്റ് ഏതു നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിൽ. ചുവടിളകി ചാഞ്ഞു നിൽക്കുകയാണ് സിഗ്നല്‍ പോസ്റ്റ്. നാരങ്ങാനത്തു നിന്നും വരുന്ന റോഡും കോഴഞ്ചേരി ടൗണിലേക്ക് പോകുന്ന ബൈറോഡും തിരുവല്ല പത്തനംതിട്ട മെയിന്‍ റോഡില്‍ വന്നു കയറുന്ന കോഴഞ്ചേരിയിലെ പ്രധാനപ്പെട്ട കവലകളില്‍ ഒന്നാണ് പഴയതെരുവ് കവല. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഇവിടം നാലുംകൂടിയ കവലയാണ്. ജംഗ്ഷനോട് ചേര്‍ന്ന് സ്‌കൂളുകളും ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. വണ്‍വേ ആയതിനാല്‍ പത്തനംതിട്ടക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഇതുവഴി മാത്രമേ പോകാന്‍ സാധിക്കു. പകല്‍ നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. സിഗ്നല്‍ പോസ്റ്റിലെ ലൈറ്റ് തെളിയുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. സ്‌കൂള്‍ കുട്ടികളും ആശുപത്രില്‍ നിന്നും വരുന്ന വാഹനങ്ങളും കടന്നുപോകുന്ന ഇവിടെ സിഗ്നല്‍ ഇല്ലാത്തതിനാൽ വലിയ അപകടങ്ങള്‍ക്ക് സാദ്ധ്യത ഏറെയാണ്.

.........

സിഗ്നല്‍ പോസ്റ്റ് ചുവടിളകി നില്ക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെയൊരുക്കും. നിരവധി വാഹനങ്ങളാ‌ണ്‌ ഇതു വഴി പോകുന്നത്. കുട്ടികളടക്കമുള്ളവര്‍ കാല്‍നടയായി ആണ് ഈ റൂട്ടു പോകുന്നത്. അടിയന്തരമായി ഇതിന് പരിഹാരം കാണണം.

- അമര്‍നാഥ്

(പ്രദേശവാസി)​