റാന്നി: ചിറ്റാർ സീതത്തോട് ജംഗ്ഷനിലെ പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യം ശക്തമാകുന്നു. സീതത്തോട് നിന്നും ആങ്ങമൂഴി ഗവി ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലേക്കുള്ള പാലം നന്നേ വീതികുറവാണ്. ഇതു കാരണത്താൽ രണ്ടു വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകുന്നതിനു ബുദ്ധിമുട്ടുണ്ട്. വശങ്ങളിൽ കാടു പടർന്നു നിൽക്കുന്നതും ഓവുകൾ മണ്ണു മൂടിയതിനാലും മഴക്കാലത്ത് പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതും യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനട യാത്രക്കാരുടെയും ഇരുചക്ര വാഹന യാത്രക്കാരുടെയും ദേഹത്തു വെള്ളം തെറിക്കുന്നതും പതിവാണ്. ജില്ലയുടെ തന്നെ പ്രധാന ടൂറിസം മേഖലയായ ഗവിയിലേക്കും ആങ്ങംമൂഴിയിലെക്കും ദിവസവും നിരവധി വാഹനങ്ങളാണ് കടന്നു വരുന്നത്. വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും തമ്മിൽ ഉരയുന്നതും പതിവ് കാഴ്ചയാണ്. കൂടാതെ വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ച പാലത്തിന്റെ കൈവരികൾ ഉൾപ്പെടെ പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. 2018ലെ പ്രളയ സമയത്തു പാലത്തിനു മുകളിൽ വരെ വെള്ളം കയറിയിരുന്നു. പാലത്തിന്റെ രണ്ടു വശവും വളവായതിനാൽ ആദ്യമായി വരുന്ന വാഹനങ്ങൾക്ക് ഉൾപ്പെടെ അടുത്ത് വന്നതിനു ശേഷമാണ് റോഡിനെ അപേക്ഷിച്ചു പാലത്തിനു വീതി കുറവാണെന്നു മനസിലാകുന്നത്. ഇതും പലപ്പോഴും അപകടത്തിന് കാരണമാവുന്നുണ്ട്. അധികൃതർ ഇടപെട്ടു വീതി കുറഞ്ഞ പാലം പൊളിച്ചു മാറ്റി സ്ഥിരം യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിനായി പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.