പള്ളിക്കൽ : തെങ്ങമം,പള്ളിക്കൽ, പയ്യനല്ലൂർ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. വന്ധ്യംകരണ നടപടികൾ പാളിയതോടെ തെരുവ് നായ്ക്കൾ നാട് വാഴുകയാണ്. പയ്യനല്ലൂരിൽ എൽ.പി.സ്കൂളിന്റെ സമീപത്താണ് തെരുവ് നായ്ക്കളുടെ രാത്രിവാസം. സ്കൂളിന്റെ വരാന്തയിലാണ് കിടപ്പ്.
സ്കൂൾ വരാന്തയും പരിസരവും വൃത്തികേടാക്കി ഇടുന്നതും പതിവാണ്. പകൽ സമയത്ത് സ്കൂൾഗ്രൗണ്ടിലും തെരുവ് നായ്ക്കൾ കുട്ടികൾക്ക് ഭീഷണിയാണ്. തെങ്ങമം കൊല്ലയ്ക്കൽ ജംഗ്ഷൻ കേന്ദ്രീകരിച്ച് നായ്ക്കളുടെ വലിയ താവളമായി മാറിയിരിക്കുകയാണ്. ഇറച്ചിക്കടകളുടെ സാന്നിദ്ധ്യവും മീൻ കച്ചവടവുമാണ് നായ്ക്കൾ തമ്പടിക്കുവാൻ കാരണം. പളളിക്കൽ മേക്കുകൾ മുകൾ കേന്ദ്രീകരിച്ചും തെരുവ് നായ ശല്യം രൂക്ഷമാണ്. ഇവിടെയും റോഡരുകിൽ മീൻകച്ചവടം ഉള്ളതിനാൽ നായ്ക്കൾ ഇവിടം വിട്ടു പോകുന്നില്ല. പ്രഭാത സവാരിക്കാർക്കും സ്കൂൾ കട്ടികൾക്കുമാണ് കൂടുതൽ ശല്യമാകുന്നത്. തോട്ടുവാ,ചെറുകുന്നം, കൈതക്കൽ എന്നിവിടങ്ങളിലും തെരുവ് നായ്ക്കൾ ഭീഷണിയാകുകയാണ്.
വന്ധ്യംകരണത്തിന് നടപടിയില്ല
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓരോ പഞ്ചായത്തിലെയും തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കാൻ പദ്ധതി വർഷങ്ങൾക്ക് മുൻപേ തയാറാക്കിയിരുന്നെങ്കിലും നടന്നില്ല. ഫല പ്രദമായി എന്തെങ്കിലും നടപടി സ്വീകരിക്കുവാൻ പഞ്ചായത്തുകളും തയാറാവുന്നില്ല. ഫലത്തിൽ തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയ സ്ഥിതിയാണ് നാട്ടുകാർക്ക്.