ചെങ്ങന്നൂർ: അന്താരാഷ്ട്ര അംഗീകാരമായ ഐ.ഇ.ഇ.ഇ. (ഇൻസ്റ്റിറ്റിയൂഷൻ ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയേഴ്‌സ്) സൈറ്റ് ഗ്രൂപ്പ് ഓഫ് ദി ഇയർ അവാർഡ് 2020 -21 ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. എൻജിനീയറിംഗ് കോളേജിന് ലഭിച്ചു. കൊവിഡ് കാലത്തെ മികവുറ്റ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. 4516 യു.എസ്. ഡോളർ (ഏകദേശം മൂന്നര ലക്ഷം രൂപ)യാണ് സമ്മാന തുക. ഐ.ഇ.ഇ.ഇ. ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജ് ചാപ്റ്ററിന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾക്കായി ഈ സമ്മാന തുക ഉപയോഗിച്ചു വരികയാണ്. കോളേജിൽ ആദ്യമായി ഗ്രാമീണ ഡിജിറ്റൽ ഹബ് ഐ.ഇ.ഇ.ഇ. സൈറ്റ് ഗ്രൂപ്പിന്റെ ഭാഗമായി പന്തളം കുളനട പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നു. ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടികജാതി കോളനിയിലാണ് ഇത് നടപ്പിലാക്കുന്നത്. കൊവിഡ് കാലത്തു പന്തളം സി.എഫ്.എൽ.ടി.സി. സെന്ററിലെ കൊവിഡ് രോഗികൾക്ക് മരുന്നും, മറ്റവാശ്യസാധനങ്ങൾ എത്തിക്കുന്നതിനും വേണ്ടി റോബോട്ടിനെ നിർമ്മിച്ചു നൽകിയിരുന്നു. ആയുഷ് ഡിപ്പാർട്ട്‌മെന്റിന്റെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള സീതാലയം എന്ന പദ്ധതിയുമായി സഹകരിച്ചു ആരോഗ്യം, വിദ്യാഭ്യാസം, പുനഃരുജ്ജീവനം എന്നീ ലക്ഷ്യത്തിനായി ഫോർ ഹെർ എന്ന പദ്ധതി നടപ്പിലാക്കി. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന നൂതന റോബോട്ടിനെ തയാറാക്കി നൽകിയിരുന്നു. ബെംഗളൂരുവിൽ ഒക്ടോബറിൽ നടത്തിയ ഐ.ഇ.ഇ.ഇ.യുടെ ഏഷ്യ പസഫിക് റീജിയന്റെ ഇന്റർനാഷണൽ കോൺഫെറൻസിൽ സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോഡക്ട് ഡെമോൺസ്‌ട്രേഷനിലും ഒന്നാം സ്ഥാനം കോളേജിലെ ചാപ്റ്ററിനും ലഭിച്ചിരുന്നു. ആഫ്രിക്കയിൽ നടത്തിയ ഗ്ലോബൽ മീറ്റിംഗിലും ഇന്ത്യയെ പ്രതിനിധീകരിച്ച് കോളേജ് പങ്കെടുത്തിരുന്നു. കോളേജിലെ 90% വിദ്യാർഥികൾക്കും 2021-22 കാലയളവിൽ പ്ലേസ്‌മെന്റ് ഓഫറുകൾ ലഭിച്ചിരിക്കുന്നു.