ചെങ്ങന്നൂർ: നഗരസഭ സാമൂഹിക സുരക്ഷാ മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വയോജനങ്ങൾക്കായുള്ള വയോമിത്രം പദ്ധതിയുടെ പുതിയ കേന്ദ്രം 23ാം വാർഡിൽ പ്രവർത്തനമാരംഭിക്കുമെന്ന് കൗൺസിലർ കെ.ഷിബുരാജൻ അറിയിച്ചു. കല്ലുവരമ്പ് ജംഗ്ഷന് സമീപമുള്ള വൈസ്‌മെൻസ് ഹാളിൽ 15ന് രാവിലെ 11.30 ന് നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിക്കും. മാസത്തിൽ രണ്ടു തവണ 62 വയസിനു മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ വൈദ്യപരിശോധനയും സൗജന്യ മരുന്നു വിതരണവും പദ്ധതി പ്രകാരം നടത്തും.