തിരുവല്ല: കനത്തമഴയെ തുടർന്ന് സംസ്ഥാനപാതയിൽ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി. പരാതികളെ തുടർന്ന് പൊതുമരാമത്ത് അധികൃതർ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി. തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ കടപ്രയിലെ എസ്.എൻ. നഴ്‌സിംഗ് ഹോമിന് സമീപം ഇന്നലെ പെയ്ത കനത്തമഴയിൽ റോഡിൽ ഒരടിയോളം വെള്ളം നിറഞ്ഞു. റോഡ് കവിഞ്ഞ് വെള്ളം ഒഴുകിയതോടെ നൂറുകണക്കിന് വാഹന യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. വഴിയാത്രക്കാർക്ക് ചെളിവെള്ളത്തിലൂടെ പോകേണ്ട സ്ഥിതിയായിരുന്നു. ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ പലതവണ ശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം ഇപ്പോഴും തുടരുകയാണ്. സമീപത്തെ ആലംതുരുത്തി ജംഗ്‌ഷനിലെ തോട്ടിലേക്ക് മുമ്പ് നിർമ്മിച്ച ഓട മണ്ണും മാലിന്യങ്ങളും നിറഞ്ഞുമൂടിയിരിക്കുകയാണ്. പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തി ഓടയിലെ മാലിന്യം നീക്കി വെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഏറെനേരം പണിപ്പെട്ട ശേഷമാണ് വെള്ളക്കെട്ട് അൽപ്പമൊന്ന് ശമിച്ചത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.എം.ബി. നൈനാനും അഭിജിത്ത് മറ്റത്തിലും പൊതുമരാമത്ത് അസി.എക്സി.എൻജിനീയർ മോളമ്മ തോമസ്, അസി.എൻജിനീയർ ഫൈസൽ വി എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് അടിയന്തരമായി തൊഴിലാളികളെ എത്തിച്ചു പണികൾ തുടങ്ങിയത്.