പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ പന്തളം കടയ്ക്കാട് മത്തായി വീട്ടിൽ മുഹമ്മദ് ഹനീഫ റാവുത്തർ അൻസാരിയെ(48) അടൂർ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം. പീഡനവിവരം പെൺകുട്ടി അറിയിച്ചതനുസരിച്ച് വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതിനെതുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് പ്രതി ഒളിവിൽ പോയി. ശാസ്താംകോട്ട ഭരണിക്കാവിൽ ഇയാൾ ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്ന് അടൂർ ഡിവൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ അടൂർ സി.ഐ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ കൊടുമൺ എസ്.ഐ എം. മനീഷ്, അടൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, ജോബിൻ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.